പ്രത്യാശയുടെ തീര്‍ഥാടകരാകാന്‍ ദൈവവചനം ഉപാധിയാക്കണം: മാര്‍ മൂലക്കാട്ട്
1539598
Friday, April 4, 2025 7:03 AM IST
കോട്ടയം: ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ തീര്‍ഥാടകരാകാന്‍ ദൈവവചനത്തെ ഉപാധിയാക്കണമെന്ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കുന്ന 40-ാമത് കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്.
ഉച്ചകഴിഞ്ഞ് മൂന്നിന് കരുണക്കൊന്തയോടെയാണ് കണ്വന്ഷന് ആരംഭിച്ചത്. തുടര്‍ന്ന് വിവിധ കരിസ്മാറ്റിക് സബ് സോണുകളുടെ നേതൃത്വത്തില്‍ ജപമാലയും ഉണ്ടായിരുന്നു. തൃശൂര്‍ തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തിലെ ഫാ. ഡോവീസ് പട്ടത്ത് ആന്‍ഡ് ടീമാണ് വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കിയത്. ഫാ. ദേവസ്യാ കാനാട്ട്, ഫാ. ജോ പാച്ചിറയില്‍, ഫാ. സിജോ തയ്യാലയ്ക്കല്‍, ഫാ. തോമസ് ഞൊണ്ടിക്കല്‍, ബ്രദര്‍ പോള്‍ രാജേന്ദ്രന് എന്നിവര്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. ദിവ്യകാരുണ്യ ആരാധനയോടെ കണ്വന്ഷന് സമാപിച്ചു.
കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കരുണക്കൊന്തയോടെ ശുശ്രൂഷകളാരംഭിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. രാത്രി 8.30ന് ദിവ്യകാരുണ്യാരാധനയോടെ കണ്വന്ഷന് സമാപിക്കും.
കണ്വന്ഷനോടുനുബന്ധിച്ച് വിശുദ്ധരുടെ തിരുശേഷിപ്പു വണക്കവും ക്രമീകരിച്ചിട്ടുണ്ട്. തങ്ങളുടെ പേരിനു കാരണക്കാരനായ വിശുദ്ധന്റെ തിരുശേഷിപ്പു തെരഞ്ഞു ജനത്തിരക്കേറുന്നു. 1500ൽ അധികം വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
തങ്ങളുടെ പേരിന്റെ കാരണക്കാരായ വിശുദ്ധന്റെ തിരുശേഷിപ്പിനു മുമ്പില്‍ പ്രാര്‍ഥിച്ചാണ് വിശ്വാസികള്‍ മടങ്ങുന്നത്. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് തിരുശേഷിപ്പ് സന്ദര്‍ശിക്കാന്‍ കഴിയുന്നത്. കണ്വന്ഷന് ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്കു ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ഇരിപ്പടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂര സ്ഥങ്ങളില്‍നിന്നും വരുന്നവര്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറിനു കണ്വന്ഷന് സമപിക്കും.