മൂർഖൻപാമ്പിനെ പിടികൂടി
1539274
Thursday, April 3, 2025 7:05 AM IST
തലയോലപ്പറമ്പ്: ആറടിയിലധികം നീളം വരുന്ന മൂർഖനെ സർപ്പ അംഗങ്ങൾ സാഹസികമായി പിടികൂടി. ഉമ്മാംകുന്ന് പന്തലാട്ട് ജോസിന്റെ പുരയിടത്തിൽനിന്നാണ് മൂർഖനെ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.ഇവിടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാരുടെ വളർത്തുനായ ഉച്ചമുതൽ നിർത്താതെ കുരച്ചതിനെത്തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മൂർഖൻ വീട്ടുമുറ്റത്ത് പത്തി വിടർത്തി നിൽക്കുന്നതു കണ്ടത്. ഭയചകിതരായ വീട്ടുകാർ സർപ്പ അംഗങ്ങളെ വിവരം അറിയിച്ചു.
തൃപ്പൂണിത്തുറയിൽനിന്നെത്തിയ സ്നേക്ക് റെസ്ക്യൂ അംഗങ്ങളായ വിഗ്നേഷ് കുമാർ, ജിയോ എന്നിവർ ചേർന്ന് വീടിന്റെ പടിയുടെ ഭാഗത്തെ സ്ളാബിനുള്ളിൽ കയറിയ മൂർഖനെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സാഹസികമായി പിടികൂടി ചാക്കിലാക്കി. പിടികൂടിയ മൂർഖനെ വനംവകുപ്പിന് കൈമാറും.