കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപിക്കിടെ ഡോക്ടർമാർ മീറ്റിംഗിന് പോയെന്ന്
1539260
Thursday, April 3, 2025 6:56 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗാസ്ട്രോഎൻട്രോളജി വിഭാഗം ഒപി ഇന്നലെ ഒരു മണിക്കൂറോളം നിർത്തിവച്ചതായി രോഗികളുടെ പരാതി. ആഴ്ചയിൽ രണ്ടുദിവസമാണ് ഗാസ്ട്രോഎൻട്രോളജി ഒപി പ്രവർത്തിക്കുന്നത്.
ഒപി ദിവസമായ ഇന്നലെ ഒപിക്കിടെ ഡോക്ടർമാർ എഴുന്നേറ്റ് ആശുപത്രി സംബന്ധമായ മീറ്റിംഗിന് പോയെന്നാണ് രോഗികൾ പറയുന്നത്. രോഗികൾക്ക് ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് രോഗികൾ ഒപി പരിസരത്തു ബഹളമുണ്ടാക്കി.
ദൂരസ്ഥലങ്ങളിൽനിന്നു വരുന്നവരാണ് ഭൂരിഭാഗം രോഗികളും. ഒപി ചീട്ട് രാവിലെ തന്നെയെടുക്കുന്നതിന് തലേദിവസം തന്നെ ആശുപത്രി പരിസരത്തു മുറിയെടുത്ത് താമസിക്കുന്നവരുമുണ്ട്.
ഇത്തരത്തിൽ ബുദ്ധിമുട്ടി ചികിത്സകിട്ടാൻ കാത്തുനിൽക്കുമ്പോഴാണ് ഡോക്ടർമാർ പുറത്തേക്ക് പോയത്. ഒരു മണിക്കൂർ കഴിഞ്ഞാണ് പിന്നീട് ഡോക്ടർമാർ തിരിച്ചെത്തിയെതെന്ന് രോഗികൾ പറയുന്നു.