കടിച്ചുകീറാന്‍ തെരുവുനായകള്‍; തദ്ദേശസ്ഥാപനങ്ങള്‍ ഒന്നും അറിയുന്നില്ല
1539335
Friday, April 4, 2025 12:03 AM IST
കോട്ടയം: പേവിഷബാധ വ്യാപകമായിട്ടും തദ്ദേശസ്ഥാപനങ്ങളുടെ തെരുവുനായ നിയന്ത്രണം എങ്ങുമെത്തുന്നില്ല. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി പഞ്ചായത്തുകളിലും നഗരസഭകളിലും നിലച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. നായപിടിത്തക്കാരെ കിട്ടാനില്ലെന്നാണ് വിശദീകരണം. നായകളെ വലയിട്ടു പിടിച്ച് കുത്തിവയ്ക്കുന്നതിനു തുച്ഛമായ വേതനമായതിനാല്‍ ആരും ഇതിന് താത്പര്യം കാണിക്കുന്നില്ല.
തദ്ദേശഭരണം തീരാറായതോടെ ജനപ്രതിനിധികള്‍ക്ക് പദ്ധതിയോട് താത്പര്യവുമില്ല. പാമ്പാടി, കറുകച്ചാല്‍ പ്രദേശങ്ങളില്‍ അടുത്തയിടെ നായകളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങിയത് പേബാധയെത്തുടര്ന്നാണ്. ജില്ലയിലെ എല്ലാ നഗരങ്ങളിലും കവലകളിലും തെരുവുനായങ്ങള് അലഞ്ഞുതിരിയുന്നു. മത്സ്യ, മാംസ കടകളുടെ ചുറ്റുപാടില്‍ നായ്ശല്യം കൂടുതലാണ്. നരി, കുറുക്കന് എന്നിവ പെരുകിയതോടെ ഇവയില്‍നിന്ന് നായകള്‍ക്ക് പേവിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.
ജില്ലയില്‍ രണ്ടായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം നായ്ക്കളുടെയും നരിയുടെയും കടിയേറ്റത്. കാല്‍നടയാത്രക്കാരും ഇരു ചക്രവാഹനങ്ങളില്‍ പോകുന്നവരുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.