ശബരിമല കാനനപാതയോരത്ത് കമ്യൂണിറ്റി ഹാള്‍ ഒരുങ്ങുന്നു
1539341
Friday, April 4, 2025 12:03 AM IST
എരുമേലി: ശബരിമല പരമ്പരാഗത കാനനപാതയോരത്ത് ജില്ലാ പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാള്‍ നിർമാണം പൂര്‍ത്തിയാകുന്നു. ശബരിമല പരമ്പരാഗത കാനനപാതയില്‍ ഇരുമ്പൂന്നിക്കര മഹാദേവ ക്ഷേത്രത്തിനു സമീപം 6000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വികസന ഫണ്ടും പൊതുഗ്രാന്റും ഉപയോഗിച്ചാണ് നിര്‍മാണം. 70 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി അനുവദിച്ചിരിക്കുന്നത്.
ശബരിമല തീർഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഹാള്‍ നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ ഓഫീസ് മുറി, താമസമുറികള്‍, ഭക്ഷണമുറി എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ നിലയില്‍ ഓഡിറ്റോറിയവും ശുചിമുറികളുമാണുള്ളത്. നിലവില്‍ ഇലക്ട്രിക്കല്‍, പ്ലംബിംഗ് പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. റൂഫിംഗിന്റെയും ശുചിമുറിയുടെയും അനുബന്ധ നിർമാണങ്ങളാണ് ഇനി ബാക്കിയുള്ളത്.
ശബരിമല തീര്‍ഥാടനസമയത്ത് കൂടുതല്‍ തീർഥാടകര്‍ക്ക് കമ്യൂണിറ്റി ഹാള്‍ പ്രയോജനകരമാകുന്ന തരത്തില്‍ തുടര്‍ഫണ്ടുകള്‍ അനുവദിച്ച് കെട്ടിടം വിപുലീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന് പറഞ്ഞു.