മീനച്ചില്‍ മലങ്കര കുടിവെള്ള പദ്ധതി: നീലൂരില്‍ ജലശുദ്ധീകരണ പ്ലാന്റ് നിര്‍മാണം പുരോഗമിക്കുന്നു
1539025
Wednesday, April 2, 2025 11:48 PM IST
കോട്ടയം: പാലാ, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന മീനച്ചില്‍ മലങ്കര കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടനാട് പഞ്ചായത്തിലെ നീലൂരില്‍ പുരോഗമിക്കുന്നു. ജലശുദ്ധീകരണ പ്ലാന്റിന്റെ ബേസ്ലാബ് പൂര്‍ത്തിയായി ഭിത്തിയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
45 ലക്ഷം ലിറ്റര്‍ ശേഷിയുള്ള കൂറ്റന്‍ ടാങ്കാണ് നീലൂര്‍ ജംഗ്ഷനില്‍ നിര്‍മിക്കുന്നത്. ജലശുദ്ധീകരണമാണ് പ്രധാനമായും ഇവിടെ നടക്കുന്നത്.
ഇതു കൂടാതെ 27 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന മറ്റൊരു ബേസ് ലാബിന്റെയും ക്ലാരിഫയര്‍ ടാങ്കിന്റെയും കോണ്‍ക്രീറ്റിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്.
മലങ്കര ഡാമില്‍ നിന്നും വെള്ളം നീലൂരില്‍ എത്തിക്കുന്നതിനായി 1000 എംഎം വ്യാസമുള്ള ഇരുമ്പു പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളും അവസാന ഘട്ടത്തിലാണ്.
ഇതുകൂടാതെ ശുദ്ധീകരിച്ച ജലം വിവിധ പഞ്ചായത്തുകളിലേക്ക് എത്തിക്കുന്നതിനായി 700 എംഎം വ്യാസത്തിലുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഇടമറുക്- കുറുമണ്ണ് റോഡിലാണ് ഇപ്പോള്‍ പൈപ്പിടല്‍ നടക്കുന്നത്. നീലൂര്‍ ചെള്ളാവയല്- വള്ളിപ്പാറ റോഡില്‍ 22 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന മറ്റൊരു കൂറ്റന്‍ ടാങ്കും നിര്‍മിക്കുന്നുണ്ട്.
തൊടുപുഴ മലങ്കര ഡാമില്‍നിന്നും മോട്ടോര്‍ ഉപയോഗിച്ച് കൂറ്റന്‍ പൈപ്പിലൂടെ വള്ളിപ്പാറയിലെ ടാങ്കിലെത്തിക്കും. ഇവിടെനിന്നു പമ്പ് ചെയ്ത് വെള്ളം നീലൂരിലെത്തിക്കും. ഇവിടെനിന്നു മറ്റൊരു ടാങ്കില്‍ എത്തിച്ചാണ് വിവിധ പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നത്.
പദ്ധതിക്കായി പ്രധാന ടാങ്കുകള്‍ ഉള്‍പ്പെടെ 13 പഞ്ചായത്തുകളിലുമായി 10,000 മുതല്‍ 21 ലക്ഷം ലിറ്റര്‍ കൊള്ളുന്ന ചെറുതും വലുതുമായ 157 ടാങ്കുകളാണ് നിര്‍മിക്കുന്നത്. 1243 കോടി രൂപയുടെ പദ്ധതി 24 മാസത്തിനകം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. തുടര്‍ന്ന് പദ്ധതി പൂര്‍ത്തീകണം 2028 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.
രാമപുരം, കടനാട്, ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, മീനച്ചില്‍, തലനാട്, തിടനാട്, തലപ്പലം, കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തീക്കോയി.