പകരച്ചുങ്കം റബറിനു പാരയാകില്ല; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍
1539332
Friday, April 4, 2025 12:03 AM IST
കോട്ടയം: അമേരിക്ക നടപ്പാക്കുന്ന പകരച്ചുങ്കം ഇന്ത്യന്‍ റബര്‍ വിലയില്‍ ആഘാതമുണ്ടാക്കില്ലെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ ടയര്‍ വിപണി ഓരോ വര്‍ഷവും 15 ശതമാനം വളര്‍ച്ച കാണിക്കുന്ന സാഹചര്യവും 15 ലക്ഷം ടണ്‍ റബറിന്റെ ആഭ്യന്തര ഡിമാന്‍ഡും വിലയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഇന്ത്യയിലെ ഉത്പാദനം എട്ടു ലക്ഷം ടണ്‍ മാത്രമായിരിക്കെ ഏഴു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരും.
പകരച്ചുങ്കം നടപ്പാക്കല്‍ റബര്‍ മേഖലയെ എങ്ങനെ സ്വാധീനിക്കുമെന്നതില്‍ അവ്യക്തതയുള്ളതിനാല്‍ വ്യവസായികള്‍ രണ്ടു ദിവസമായി ചരക്ക് വാങ്ങുന്നില്ല. ഇന്നലെ 208 രൂപയ്ക്ക് ഡീലര്‍മാര്‍ റബര്‍ വാങ്ങി. റബര്‍ ബോര്‍ഡ് വിലയിലും താഴ്ചയില്ല.
അതേസമയം വിദേശവിലയില് ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചു രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ബ്ലോക്ക് റബറിനും വിദേശത്ത് നാലു രൂപയുടെ ഇടിവുണ്ടായി. ബ്ലോക്ക് റബറിന് മലേഷ്യയില്‍ 166 രൂപയാണ് നിരക്ക്. വില ഇനിയും താഴ്ന്നാല്‍ വ്യവസായികള്‍ 25 തീരുവ അടച്ച് റബര്‍ ഇറക്കുമതി ചെയ്യാന്‍ താത്പര്യപ്പെടും.
ഇന്ത്യന്‍ ടയറുകള്‍ ചെറിയ തോതില്‍ മാത്രമേ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുള്ളൂവെന്നതും ആശ്വാസകരമാണ്. ആഭ്യന്തര ആവശ്യം ഏറിവരുന്ന സാഹചര്യത്തില്‍ പകരച്ചുങ്കം റബര്‍ വിലയിടിക്കാന്‍ കാരണമാകില്ല.
മാത്രവുമല്ല, കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയില്‍ നിന്ന് റബര്‍ കയറ്റുമതി നന്നേ പരിമിതമാണ്. ശരാശരി അയ്യായിരം ടണ്ണില്‍ താഴെയാണ് ഇന്ത്യയുടെ കയറ്റുമതി.
ആഗോള റബര്‍ ഉത്പാദനത്തില്‍ തായ്ലാന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് മുന്നിൽ. ഇതില്‍തന്നെ 35 ശതമാനം ഉത്പാദനവും (48 ലക്ഷം ടണ്‍) തായ്ലന്ഡിലാണ്. ആഗോള റബര്‍ ഉത്പാദനത്തിന്റെ 72 ശതമാനവും ഈ മൂന്നു രാജ്യങ്ങളുടെ വിഹിതമാണ്. ആഗോള ഉത്പാദനത്തില്‍ ആറാം സ്ഥാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. റബര്‍ ഉപയോഗത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്.