വണ്ടൻപതാലിൽ നെടുംതോട് പാലത്തിന്റെ വീതികൂട്ടൽ അനിശ്ചിതത്വത്തിൽ
1538984
Wednesday, April 2, 2025 10:49 PM IST
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ-വണ്ടൻപതാൽ റോഡിൽ നെടുംതോടിനു കൂറുകെയുള്ള പാലത്തിന്റെ വീതികൂട്ടൽ അനിശ്ചിതമായി നീളുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്കുമുമ്പ് നെടുംതോടിനു കുറുകെയുള്ള പാലം വീതി കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും തൂണുകളുടെ നിർമാണം മാത്രമാണ് പൂർത്തിയായത്. അന്ന് നിയമക്കുരുക്കിൽപ്പെട്ടാണ് നിർമാണപ്രവർത്തനം നിലച്ചത്. പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോൾ പാലത്തിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾക്കു കടന്നുപോകുവാൻ കഴിയുന്നത്. മറുഭാഗത്തു തൂണുകൾ മാത്രമാണുള്ളത്. വീതി കുറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽനട യാത്രക്കാർക്കടക്കം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ശബരിമല തീർഥാടനകാലത്ത് നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മുണ്ടക്കയം ടൗണിൽ പ്രവേശിക്കാതെ കോരുത്തോട്ടിലേക്ക് എളുപ്പത്തിൽ എത്താവുന്ന വഴി കൂടിയാണിത്.
മുപ്പത്തഞ്ചാംമൈലിൽനിന്നു വണ്ടൻപതാലിലേക്കു വാഹനങ്ങൾ തിരിഞ്ഞു കയറുന്ന ഭാഗത്തെ റോഡിനും ഇതിനോടു ചേർന്നുള്ള പാലത്തിനും മതിയായ വീതിയില്ല. അതുകൊണ്ടുതന്നെ വാഹനങ്ങൾ ദേശീയപാതയിൽനിന്നു വണ്ടൻപതാൽ റോഡിലേക്കു പ്രവേശിക്കുമ്പോൾ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. റോഡിന്റെയും പാലത്തിന്റെയും വീതി കൂട്ടി മേഖലയിലെ വാഹനയാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തമായി.