കാഴ്ചപരിമിതര്‍ക്കായുള്ള ഒളശ ഹൈസ്കൂളില്‍ ഫുട്ബോള്‍ ടര്‍ഫ് ഒരുങ്ങി
1539265
Thursday, April 3, 2025 6:56 AM IST
കോട്ടയം: കാഴ്ച പരിമിതര്‍ക്കായുള്ള ഒളശ സര്‍ക്കാര്‍ ഹൈസ്കൂളില്‍ കുട്ടികള്‍ക്കായി ഫുട്ബോള്‍ ടര്‍ഫ് ഒരുങ്ങി. സ്കൂള്‍ ഗ്രൗണ്ടില്‍ 20 മീറ്റര്‍ നീളത്തിലും 16 മീറ്റര്‍ വീതിയിലുമാണ് ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
40 ശതമാനത്തിനു മുകളില്‍ കാഴ്ചവൈകല്യമുള്ള 40 കുട്ടികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്. സ്കൂളില്‍ കലാപരിപാടികള്‍, സംഗീതം എന്നിവയിലെല്ലാം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
ഇതിനു പുറമേയാണ് കായികവിനോദങ്ങളില്‍ മറ്റെല്ലാ കുട്ടികളെയുംപോലെ ഇവര്‍ക്കും ഏര്‍പ്പെടാനുള്ള സൗകര്യമൊരുക്കുന്നതിനായി ഫൂട്ബോള്‍ ടര്‍ഫ് നിര്‍മിച്ചത്. കാഴ്ചപരിമിതര്ക്കായിട്ടുള്ള സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഹൈസ്കൂളാണ് ഒളശയിലേത്.