അര്‍ച്ചന വിമന്‍സ് സെന്റര്‍ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു
1539336
Friday, April 4, 2025 12:03 AM IST
ഏറ്റുമാനൂര്‍: വനിതാ തൊഴില്‍ പരിശീലനത്തിലും ശക്തീകരണത്തിലും ഏറെ മുന്നേറിയ അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ഇരുപതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ വെട്ടിമുകള്‍ കേന്ദ്ര ഓഫീസില്‍ നടത്തി. മേസ്തിരി, കാര്‍പെന്റര്‍ തുടങ്ങി ഒട്ടേറെ തൊഴിലുകളില്‍ വനിതകള്‍ക്ക് പരിശീലനം നല്കി തുല്യവേതനം ഉറപ്പാക്കിയ അര്‍ച്ചന കൂടുതല്‍ പ്രവര്‍ത്തനമേഖലകളിലേക്ക് കടക്കുകയാണ്.
അര്‍ച്ചന വാര്‍ഷികവും വനിതാ തൊഴില്സംഗമവും പൂര്‍വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മയും അര്‍ച്ചന വിമന്‍സ് സെന്റര്‍ സ്ഥാപകയും ഡയറക്ടറുമായ സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യുവും പാർട്ണര്‍ മിസ് ഡെന്നീസ് റിച്ചാര്‍ഡും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
മോന്‍സ് ജോസഫ് എംഎല്‍എ, ഫാ. ജോസഫ് മുണ്ടകത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് പടികര, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, കൗണ്‍സിലര്‍ സിബി ചിറയില്‍, ഫാ. ജോസഫ് ആലുങ്കല്‍, ഡോ. ആന്‍സി ജോര്‍ജ്, റോസക്കുട്ടി ഏബ്രഹാം, റെജി വര്‍ഗീസ്, ജാക്സണ് പൊള്ളയില്, കെ.സി. തങ്കച്ചന്, റ്റി.എസ്. ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അര്‍ച്ചനയ്ക്ക് വിവിധ പ്രോജക്ടുകള്‍ നല്‍കിവരുന്ന ലക്സംബര്‍ഗിലുള്ള പാര്താജ് ലു എന്ന സംഘടനയുടെ പ്രസിഡന്റ് ഡെനീസ് റിച്ചാര്‍ഡ് മുഖ്യാതിഥിയായിരുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരും അസംഘടിതരുമായ ഒട്ടേറെ വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കിയ അര്‍ച്ചന കേരളത്തിലെ സാമൂഹികപ്രസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് മോന്‍സ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.
തൊഴില്‍ പരിശീലനത്തിനൊപ്പം വനിതകളുടെ വ്യക്തിത്വവികസനത്തില്‍ ശ്രദ്ധകൊടുക്കുന്നതിലും ഡയറക്ടര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യു ശ്രദ്ധവയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.