വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ടിനു തുടക്കം
1539270
Thursday, April 3, 2025 7:05 AM IST
വൈക്കം: എട്ടു കൈകളുമായി ആദ്യ ദിനം ഭദ്രകാളിയുടെ കളം തെളിഞ്ഞതോടെ വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന് തുടക്കമായി. 13 വരെയാണ് വടക്കുപുറത്ത് പാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കേനടയിൽ പ്രത്യേകം തയാറാക്കിയ നെടുമ്പുരയിലെ തറയിലാണ് വടക്കുപുറത്ത് പാട്ടിനായി ഭദ്രകാളിയുടെ കളം വരയ്ക്കുന്നത്.
ഇന്നലെ വടക്കുപുറത്ത് പാട്ടിനായി പ്രത്യേകം തയാറാക്കിയ കളം എഴുതുന്ന സ്ഥലത്തു മുഖം വരുന്ന ഭാഗത്ത് പീഠം വച്ച് കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം വരുത്തി ഗണപതിവിളക്ക് വച്ചു. തുടർന്ന് ഗുരു ഗണപതി ഭഗവതി സങ്കൽപ്പത്തിൽ ഒരുക്കുവച്ച് ഉച്ചപാട്ട് നടത്തി.
തുടർന്ന് കളം എഴുത്തിന് ഇക്കുറി ചുമതലപ്പെട്ടിരുന്ന പുതുശേരി കുടുംബത്തിൽ നിന്നുള്ള 25ലധികം കലാകാരന്മാരുടെ നേതൃത്വത്തിൽ ആദ്യ ദിനം എട്ടു കൈയുള്ള ഭദ്രകാളിയുടെ കളം വരച്ചു. കളത്തിന് ചുറ്റിലും പൂക്കൾ, തോരണം, കുരുത്തോല, കൊടിക്കൂറകൾ , പഴങ്ങൾ എന്നിവയെല്ലാം വച്ചാണ് കളം അലങ്കരിച്ചത്.