പാറമട വേണ്ട: ഹിയറിംഗിൽ എതിർത്ത് ജനം
1539344
Friday, April 4, 2025 12:03 AM IST
എരുമേലി: പാറമടകൾ നിറഞ്ഞ എരുമേലിയിലെ പ്രപ്പോസ് വാർഡിൽ ഇനിയൊരു പാറമട വേണ്ടെന്ന് നാട്ടുകാർ. പുതിയ പാറമടയ്ക്ക് പ്രവർത്തനാനുമതിതേടി നൽകിയ അപേക്ഷയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇന്നലെ പ്രപ്പോസ് സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിൽ നടത്തിയ പൊതുജന ഹിയറിംഗിലാണ് നാട്ടുകാർ ശക്തമായി എതിർപ്പ് ഉന്നയിച്ചത്.
അതേസമയം, ഹിയറിംഗിൽ പങ്കെടുത്തവരിൽ രണ്ടുപേർ പാറമടയ്ക്ക് അനുകൂല അഭിപ്രായം അറിയിച്ചിട്ടുണ്ട്. പൊതുജന അഭിപ്രായം മിനിട്സ് റിപ്പോർട്ടായി ജില്ലാ കളക്ടർക്ക് കൈമാറുമെന്നും തുടർന്ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് കൈമാറി അന്തിമ തീർപ്പായ ശേഷമാണ് പാറമടയുടെ അനുമതി സംബന്ധിച്ച് തീരുമാനമാവുകയെന്ന് ഹിയറിംഗിന് നേതൃത്വം നൽകിയ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ അറിയിച്ചു.
ഹിയറിംഗിൽ ജനപ്രതിനിധികൾ ആരുംതന്നെ പങ്കെടുത്തില്ല. നിർദിഷ്ട പാറമടയുടെ പരിധിയിൽ താമസിക്കുന്ന പ്രദേശവാസികൾക്കായിട്ടാണ് ഹിയറിംഗ് സംഘടിപ്പിച്ചത്. ഭൂതലം, വായു, ജലം, ശബ്ദം, ജൈവ പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം എന്നിവ സംബന്ധിച്ചായിരുന്നു ഹിയറിംഗ്.