പുതിയ ടെര്‍മിനല്‍ നിര്‍മാണം: ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡ് അടച്ചു
1539269
Thursday, April 3, 2025 6:56 AM IST
ചങ്ങനാശേരി: പുതിയ ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. പ്രാഥമിക ജോലികള്‍ക്കു തുടക്കമായി. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ഇതിന്റെ ഭാഗമായി നഗരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ഡിപ്പോയില്‍നിന്നുള്ള എല്ലാ സര്‍വീസുകളും പെരുന്ന ബസ് സ്റ്റാന്‍ഡില്‍നിന്നുമാണ് സര്‍വീസ് ആരംഭിക്കുന്നത്. നവംബര്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുംവിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
തിരുവല്ല ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പെരുന്ന ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നിര്‍ത്തി കടന്നുപോകും.
കോട്ടയത്തുനിന്നു തിരുവല്ല ഭാഗത്തേക്കു പോകുന്ന ബസുകള്‍ ചങ്ങനാശേരി മുനിസിപ്പല്‍ കാര്യാലയത്തിനു മുന്നിലുള്ള ടാക്സി സ്റ്റാന്‍ഡ് ഭാഗത്തും പെരുന്ന ബസ് സ്റ്റാൻഡിനു സമീപത്തും നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കിയാണ് പോകുന്നത്.