വേനൽമഴ ശക്തമായി; പാതാമ്പുഴ തോട്ടിലെ തടയണകൾ നിറഞ്ഞു
1539024
Wednesday, April 2, 2025 11:48 PM IST
കോട്ടയം: കടുത്ത വേനലിനെ അതിജീവിക്കാന്‍ മലയോരത്ത് തൊഴിലുറപ്പു തൊഴിലാളികള്‍ നിര്‍മിച്ച തടയണകള്‍ വേനല്‍മഴയില്‍ നിറഞ്ഞു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ തോട്ടിലാണ് വേനലിന്റെ ആരംഭകാലത്ത് പത്തോളം ചെറിയ തടയണകള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ നിര്‍മിച്ചത്.
കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ തടയണകള്‍ നിര്‍മിച്ചിരുന്നു. വേനലിന്റെ തുടക്കത്തില്‍ തടയണകളില്‍ നാമമാത്രമായ വെള്ളമേയുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ കുറെ ദിവസമായി മലയോര മേഖലയില്‍ വേനല്‍മഴ ശക്തമാണ്. മഴ പെയ്തതോടെ തടയണകളില്‍ വെള്ളം താഴ്ന്നു ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജിംഗ് നടന്ന് സമീപത്തെ ജലസ്രോതസുകളിലും നല്ല രീതിയില്‍ വെള്ളമെത്തിയിട്ടുണ്ട്.
തോട്ടില്‍നിന്നു ശേഖരിച്ച കല്ലുകള്‍ ഉപയോഗിച്ചായിരുന്നു തടയണയുടെ നിര്‍മാണം. മഴക്കാലമാകുമ്പോള്‍ ശക്തമായ മഴയില്‍ വെള്ളം ഒഴുകിയെത്തുമ്പോള്‍ തടയണ പൊട്ടി തോട്ടില്‍ത്തന്നെ കല്ലുകള്‍ പതിക്കുകയും ചെയ്യും.
ഇത് തോടിന്റെ സ്വാഭാവികതയ്ക്കോ പ്രകൃതിക്കോ യാതൊരു ദോഷവും ഉണ്ടാക്കുകയുമില്ല. മേലുകാവ്, മൂന്നിലവ് പഞ്ചായത്തിന്റെ മലയോര മേഖലയിലും തൊഴിലുറപ്പ് തൊഴിലാളികള്‍ തോട്ടില്‍ ഓലികള്‍ കുഴിച്ചിട്ടുണ്ട്. മീനച്ചില്‍ താലൂക്കിന്റെ പല പ്രദേശത്തും കൈത്തോടുകളിലെ ചെക്ക് ഡാമുകളില്‍ വേനല്‍മഴ പെയ്തതോടെ വെള്ളം ശേഖരിച്ചു നിര്‍ത്തിയിട്ടുണ്ട്.
ചെക്ക് ഡാമുകള്‍ ശരിയായ രീതിയില്‍ ഓപ്പറേറ്റ് ചെയ്താല്‍ വേനല്‍ക്കാലത്ത് വളരെ പ്രയോജനകരമാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് തൊഴിലുറപ്പു തൊഴിലില്‍ തടയണകളും ഓലികളും ഉള്‍പ്പെടുത്തിയത്.