വഖഫ് നിയമഭേദഗതി സമയബന്ധിതമായി അവതരിപ്പിച്ച് പാസാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1538974
Wednesday, April 2, 2025 7:10 AM IST
ചങ്ങനാശേരി: ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വഖഫ് നിയമ ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഇരു സഭകളിലും പാസാക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും ഇതുപാസാക്കാന് ജനപ്രതിനിധികള്‍ പിന്തുണ നല്‍കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു.
നിര്‍ദിഷ്ട ഭേദഗതി ബില്‍ സമയബന്ധിതമായി അവതരിപ്പിച്ച് പാസാക്കാതിരിക്കുന്നത് ക്രൈസ്തവ സമൂഹത്തോട് ചെയ്യുന്ന വലിയ അനീതിയായിമാറും. ഈ നിയമത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന മുനമ്പം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജനപ്രതിനിധികള്‍ തയാറാവണം. നിര്‍ദിഷ്ട ഭേദഗതിയെ എതിര്‍ക്കുമെന്ന രീതിയില്‍ കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ പ്രസ്താവന പിന്‍വലിക്കാന്‍ ജനപ്രതിനിധികളും ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയ കക്ഷികളും തയാറാവണം.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസമ്മേളനം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കെ. കുരുവിള, ജിനോ ജോസഫ്, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, ജേക്കബ് നിക്കോളാസ്, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ചാക്കപ്പന് ആന്റണി, കെ.എസ്. ആന്റണി കരിമറ്റം, പി.സി. കുഞ്ഞപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.