ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു
1539338
Friday, April 4, 2025 12:03 AM IST
ചേർത്തല: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നേതൃസ്ഥാനത്തെത്തിയ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ കണിച്ചുകുളങ്ങര വെള്ളാപ്പളളി നടേശന്റെ വസതിയില്‍ കൂടിക്കാഴ്ചക്കായി എത്തുന്നത്. വെള്ളാപ്പള്ളി നടേശനും മകന് തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നടത്തി. തുടർന്നാണ് മാധ്യമങ്ങളെ കണ്ടത്. ചുമതലയേറ്റതിനെത്തുടർന്നുള്ള സൗഹൃദ സന്ദർശനം മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അദ്ദേഹം രാഷ്ട്രീയക്കാരനായ കച്ചവടക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വഖഫ് ദേദഗതി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ പരാമർശിക്കുന്ന ട്രാവൻകൂർ പാലസിനെ പറ്റിയുള്ള ചോദ്യത്തിന് ഒപ്പമുണ്ടായിരുന്ന തുഷാർ വെളളാപ്പള്ളിയാണ് മറുപടി പറഞ്ഞത്.
അത് തന്റെ പേരിലുള്ള ട്രാവൻകൂർ പാലസല്ല, തിരുവിതാംകൂർ കൊട്ടാരമാണെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, അഡ്വ.വി. സുരേഷ്, പ്രതീഷ് വിശ്വനാഥൻ, എം.വി. ഗോപകുമാർ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവരും രാജീവ് ചന്ദ്രശേഖരനോടൊപ്പം ഉണ്ടായിരുന്നു.