മാലിന്യമുക്ത പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്: സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എ
1539342
Friday, April 4, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: കേരളം സമ്പൂര്‍ണ മാലിന്യമുക്തമാകുന്നതോടുകൂടി രാജ്യത്തിന് നാം മാതൃകയാവുകയാണെന്നും മാലിന്യമുക്തമാകുന്നതോടൊപ്പം തുടര്‍പരിപാലനവും ഉണ്ടാവണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎല്‍എ. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുളള മികച്ച പഞ്ചായത്തായി യഥാക്രമം കൂട്ടിക്കലും പാറത്തോടും മുണ്ടക്കയവും, മികച്ച സിഡിഎസ് ആയി കാഞ്ഞിരപ്പള്ളിയും പാറത്തോടും കൂട്ടിക്കലും, മികച്ച സര്‍ക്കാര്‍ സ്ഥാപനമായി എരുമേലി പിഡബ്ല്യുഡി റെസ്റ്റ് ഹൗസും കോരുത്തോട് ഗവൺമെന്റ് ആയുര്‍വേദ ആശുപത്രിയും, മികച്ച ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ആയി കൂട്ടിക്കലും മുണ്ടക്കയവും എരുമേലിയും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്വകാര്യ സ്ഥാപനമായി കോരുത്തോട് പളളിപ്പടി അപ്പോലോണിയ ദന്തല്‍ ആശുപത്രിയും വ്യാപാര സ്ഥാപനമായി വിഴിക്കത്തോട് ഹോം ഗ്രോണ്‍ നഴ്സറിയും വായനശാലയായി വിഴിക്കത്തോട് പിവൈഎംഎ ലൈബ്രറിയും മടുക്ക സഹൃദയ വായനശാലയും കൂട്ടിക്കൽ ത്രിവേണി ലൈബ്രറിയും റെസിഡന്റ്സ് അസോസിയേഷനായി പാറത്തോട് ഗ്രീന്‍ നഗറും മണ്ണാറക്കയം ചിറ്റാര്‍ റെസിഡന്റ്സ് അസോസിയേഷനും മുണ്ടക്കയം മൈത്രി നഗര്‍ റെസിഡന്റ്സ് അസോസിയേഷനും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഹരിത ടൗണുകളായി വണ്ടന്‍പതാലും പൊടിമറ്റവും മണിമലയും, മികച്ച പൊതുഇടമായി മുണ്ടക്കയം ചാച്ചിക്കവലയും ഇളംകാട് ബസ് സ്റ്റാന്‍ഡും തെരഞ്ഞെടുക്കപ്പെട്ടു.
ഇവര്‍ക്ക് പ്രത്യേക പുരസ്കാരവും മില്‍ക്ക് ഫ്രൂട്ടിന്റെ തൈകളും വിതരണം ചെയ്തു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാദാസ്, കെ.കെ. ശശികുമാര്‍, ബിജോയി മുണ്ടുപാലം, സിറില്‍ ജോസഫ്, ജാന്‍സി സാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.