യുഡിഎഫ് രാപകല്‍ സമരം നാളെ
1539020
Wednesday, April 2, 2025 11:48 PM IST
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരേ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന രാപകല്‍ സമരത്തില്‍ ജില്ലയില്‍ അമ്പതിനായിരം പ്രവര്‍ത്തകര്‍ അണിനിരക്കും.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുമ്പില്‍ നാളെ വൈകുന്നേരം നാലിനു ആരംഭിക്കുന്ന സമരം അഞ്ചിനു രാവിലെ എട്ടിന് സമാപിക്കും. സര്‍ക്കാര്‍ തുടര്‍ച്ചയായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കിവയ്ക്കുന്ന പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായിട്ട് നാളുകളായി.
അതിന്റെ ഫലമായി വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലും ഭീമമായ വെട്ടിക്കുറവാണു വരുത്തിയത്. അനുവദിക്കുന്ന ഫണ്ടും ചെലവാക്കാന്‍ കഴിയുന്നില്ല.
ഈ ദുഃസ്ഥിതിക്ക് മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടും തദ്ദേശസ്ഥാപനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയിലും അവഗണനയിലും പ്രതിഷേധിക്കുന്നതിനൊപ്പം പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലായ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥത പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടുന്നതിനുമാണ് ജില്ലയില്‍ രാപകല്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
യുഡിഎഫ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ കോട്ടയം ടൗണിലെ രാപകല്‍ സമരം ഉദ്ഘാടനം ചെയ്യും. കെ.സി. ജോസഫ്-വാഴപ്പള്ളി, കൊടിക്കുന്നില്‍ സുരേഷ് എംപി-ചങ്ങനാശേരി ടൗണ്‍, ആന്റോ ആന്റണി എംപി-മുണ്ടക്കയം, ഫ്രാന്‍സിസ് ജോര്‍ജ് എംപി-കടുത്തുരുത്തി, മോന്‍സ് ജോസഫ് എംഎല്‍എ-ഉഴവൂര്‍, മാണി സി. കാപ്പന് എംഎല്‍എ-പാലാ, ചാണ്ടി ഉമ്മന്‍ എംഎല്‍എ-പുതുപ്പള്ളി, ഇ.ജെ. ആഗസ്തി-മുളക്കുളം, ജോയി ഏബ്രഹാം-ഭരണങ്ങാനം, ഫില്‍സണ്‍ മാത്യൂസ്-പൂഞ്ഞാര്‍ തെക്കേക്കര, അസീസ് ബഡായില്‍-കൂട്ടിക്കല്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സമരം ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് ജില്ലാ നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ജോയി ഏബ്രഹാം, ഫില്‍സണ്‍ മാത്യൂസ്, എം.ബി. ആമീന്‍ ഷാ, അസീസ് കുമാരനല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.