ഭാരതത്തിന്റെ തനിമ കാത്തുസൂക്ഷിക്കാന്‍ സിവില്‍ സര്‍വീസിനാകും: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1539295
Thursday, April 3, 2025 10:41 PM IST
പാലാ: ഭരണനിര്‍വഹണത്തില്‍ ഭാരതത്തിന്റെ തനതായ ആത്മീയതയും ധാര്‍മിക മൂല്യങ്ങളും ഉറപ്പാക്കുക സിവില്‍ സര്‍വീസിന്റെ ധര്‍മമാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നീതി ഉറപ്പാക്കുന്നതിന് സിവില്‍ സര്‍വീസ് അനിവാര്യമാണ്. മദ്യത്തിനും മയക്കുമരുന്നിനും മറ്റ് അനീതികള്‍ക്കുമെതിരേ തങ്ങളുടെ അധികാരം മുഖം നോക്കാതെ വിനിയോഗിക്കാന്‍ കെല്പുളള ഭരണാധികാരികളെ സംഭാവന ചെയ്യുവാന്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്കാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, ഡോ. അലക്സ് ജോര്‍ജ്, സിസ്റ്റര്‍ ഡോ. ജിഷാ വര്‍ഗീസ്, എബി ബിജോ, വി.എ. അനഘ എന്നിവര്‍ പ്രസംഗിച്ചു.