കോട്ടയം ബൈബിള്‍ കണ്വന്ഷൻ തുടങ്ങി
1539021
Wednesday, April 2, 2025 11:48 PM IST
കോട്ടയം: യേശുവിന്റെ പീഡാസഹനത്തെയും മരണത്തെയും അനുസ്മരിച്ച് വലിയ നോമ്പാചരിക്കുന്ന ആയിരങ്ങളുടെ ഹൃദയത്തിലേക്ക് വചനത്തിന്റെ പുതിയ അഭിഷേകം പകര്‍ന്ന് കോട്ടയം ബൈബിള്‍ കണ്‍വന്‍ഷനു തുടക്കമായി. കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തിലാണ് 40-ാമത് കോട്ടയം ബൈബിള്‍ കണ്‍വന്‍ഷനു തുടക്കമായത്.
ഇന്നലെ വൈകുന്നേരം തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. തുടര്‍ന്ന് കണ്വന്ഷന് നഗറില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തുകയും തിരിതെളിച്ച് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദൈവത്തോടുള്ള വിശ്വസ്തത ഒരിക്കലും മങ്ങരുതെന്നും കറയറ്റ ആ ബന്ധം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. കണ്‍വന്‍ഷന്റെ ആദ്യകാല സംഘാടനത്തിനു നേതൃത്വം നല്‍കിയവരെ ഉപഹാരം നല്കി ആദരിച്ചു.
മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, കെസിഎം പ്രസിഡന്റും ലൂര്‍ദ് ഫൊറോന വികാരിയുമായ റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, വൈസ് പ്രസിഡന്റുമാരായ മോണ്‍. ജോസ് നവസ്, ഫാ. വര്‍ഗീസ് പള്ളിക്കല്‍, സെക്രട്ടറി ഫാ. തോമസ് ആദോപ്പള്ളില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, ഫാ. ജേക്കബ് തടത്തില്‍, കെ.സി. ജോയി കൊച്ചുപറമ്പില്‍, ജെയിന് അലക്സ് ചുവപ്പുങ്കല്‍, കുഞ്ഞുമോള്‍ ചെരിവുപറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.തൃശൂര്‍ തലോര്‍ ജറൂസലേം ധ്യാനകേന്ദ്രത്തിലെ ഫാ. ഡേവിസ് പട്ടത്ത് ആന്‍ഡ് ടീമാണ് വചന പ്രഘോഷണത്തിനു നേതൃത്വം നല്‍കുന്നത്.
ദിവ്യകാരുണ്യ ആരാധനയോടെ ആദ്യദിന കണ്വന്ഷന് സമാപിച്ചു. രണ്ടാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കരുണക്കൊന്തയോടെ കണ്വന്ഷന് ആരംഭിക്കും. തുടര്‍ന്നു വിവിധ കരിസ്മാറ്റിക് സബ് സോണുകളുടെ നേതൃത്വത്തില്‍ ജപമാല. നാലിന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. കണ്‍വന്‍ഷന്റെ ആരംഭദിനമായ ഇന്നലെ രാവിലെ 2025 അധ്യയനവര്‍ഷം സ്കൂള്‍, കോളജ് തലങ്ങളില്‍ പഠനത്തിനായി പ്രവേശിക്കുന്ന കുട്ടികള്‍ക്കായുള്ള ഒരുക്കപ്രാര്ഥനയും ഉച്ചകഴിഞ്ഞു യുവജന സംഗമവും നടന്നു.
കണ്വന്ഷന് ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്കു ബസ് സര്‍വീസ് ഉണ്ടായിരിക്കും. രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളില്‍നിന്നും വരുന്നവര്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്വന്ഷന് നഗറില്‍
തിരുശേഷിപ്പ് വണക്കം
കോട്ടയം ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ആയിരത്തി അഞ്ഞൂറോളം വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് വണക്കത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്നത്. കെസിഎം പ്രസിഡന്റ് റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, റവ.ഡോ. സേവ്യര്‍ മാമ്മൂട്ടില്‍, ഫാ. ജേക്കബ് തടത്തില്‍, കെ.സി. ജോയി, ജെയിന് സി. അലക്സ്, ജോണി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്കി.