അവധിക്കാലം ആഘോഷമാക്കാം ; ആനവണ്ടികൾ റെഡി
1539333
Friday, April 4, 2025 12:03 AM IST
കോട്ടയം: അവധിക്കാലം അടിച്ചുപൊളിച്ചു ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസിയും റെഡി. കോട്ടയം ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അവധിക്കാലത്ത് നിരവധി സ്ഥലങ്ങളിലേക്കാണ് വിനോദ-തീര്‍ഥാടന യാത്രകളൊരുക്കിയിരിക്കുന്നത്.
മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, തിരുവനന്തപുരം-കോവളം, രാമക്കല്‍മേട്, തെന്മല -പാലരുവി, പൊന്മുടി, അഷ്ടമുടി കായല്‍ യാത്രകള്‍, അറബിക്കടലില്‍ കപ്പല്‍യാത്ര, വയനാട്, നെല്ലിയാമ്പതി, സൈലന്റ് വാലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഉല്ലാസ യാത്രകളും, മലയാറ്റൂര്‍ കുരിശുമല, ആറ്റുകാല്‍ - ആഴിമല - ചെങ്കല്‍, പറശിനിക്കടവ്- കൊട്ടിയൂര്‍- തിരുനെല്ലി തീര്‍ഥാടന യാത്രകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
അവധിക്കാലത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഉല്ലാസയാത്ര നടത്താനാണ് ജില്ലയിലെ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അവസരം ഒരുക്കിയിരിക്കുന്നത്.
ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ നടത്തിയ ബജറ്റ് ടൂറിസം വലിയ ജനപ്രീതിയും സ്വീകാര്യതയും നേടിയെടുത്തു. വിവിധ ഡിപ്പോകളില്‍നിന്നും ഏപ്രില്‍, മേയ് മാസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്കായാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
കായലും തേയില ത്തോട്ടങ്ങളും മൊട്ടക്കുന്നുകളും കാട്ടുമൃഗങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലങ്ങളെ കോര്‍ത്തിണക്കിയാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
യാത്രകള്‍ക്കായി വിളിക്കൂ...
കോട്ടയം -8089158178, 9961342205
പാലാ- 9447433090, 8921531106
ചങ്ങനാശേരി -9846852601, 7012560735
വൈക്കം -9995987321, 9744031240
എരുമേലി-9562269963, 9447287735
പൊന്‍കുന്നം - 9497888032, 6238657110
ഈരാറ്റുപേട്ട- 9447154263, 97456 53467