ഉഴവൂരിന് ഉയിർ സമ്മാനിച്ചവർക്ക് ആദരവും ഫ്ളഡ്ലിറ്റ് സ്റ്റേഡിയം ഉദ്ഘാടനവും ആറിന്
1539019
Wednesday, April 2, 2025 11:48 PM IST
കുറവിലങ്ങാട്: ഉഴവൂരിനെ വളർച്ചയുടെ പടവുകളിലേക്കും പ്രശസ്തിയിലേക്കും നയിച്ച പ്രമുഖർക്ക് സ്മാരകങ്ങളൊരുക്കി ഇ.ജെ. ലൂക്കോസ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്.
മുൻ രാഷ്ട്രതി ഡോ. കെ.ആർ. നാരായണൻ, ജോസഫ് ചാഴികാടൻ, ഇ.ജെ. ലൂക്കോസ്, മുൻ വികാരി കുമ്മനത്ത് ഇട്ടൂപ്പ് കത്തനാർ എന്നിവർക്കാണ് സ്മാരകങ്ങളൊരുക്കി സമർപ്പിക്കുന്നതെന്ന് ഇ.ജെ. ലൂക്കോസ് സ്മാരക സമിതി ഭാരവാഹികളായ മോൻസ് ജോസഫ് എംഎൽഎ, സാബു മാത്യു, കെ.എം. തങ്കച്ചൻ, സൈമൺ ഒറ്റത്തങ്ങാടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉഴവൂർ ഒഎൽഎൽ ഹയർ സെക്കൻഡറി സ്കൂളിൽ പണിതീർത്ത ഇ.ജെ. ലൂക്കോസ് സ്മാരക ഫ്ളഡ്ലിറ്റ് സ്റ്റേഡിയം സമർപ്പണവും നടത്തും. 1.25 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.
ഉഴവൂരിന് ഉയിർ കൊടുത്തവരെ ഓർമിക്കാം, ഇനിയും ഉഴവൂരിന് ഉണർവേകാൻ ഒരുമിക്കാം എന്ന ആഹ്വാനത്തോടെയാണ് പരിപാടി നടത്തുന്നത്. പൊതുജനപങ്കാളിത്തത്തോടെയാണ് വിവിധ പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുള്ളത്.
ആറിന് വൈകുന്നേരം അഞ്ചിനാണ് വിവിധ പദ്ധതികളുടെ സമർപ്പണം നടത്തുന്നത്. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, പി ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം അതിരൂപത വികാരി ജനറാൾ റവ.ഡോ. തോമസ് ആനിമൂട്ടിൽ, മുൻ എംപി തോമസ് ചാഴികാടൻ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനാനന്തരം സംഗീത കലാവിരുന്നും നടക്കും.