മാലിന്യമുക്ത നവകേരളം: ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന് ഒരുക്കങ്ങളായി
1539027
Wednesday, April 2, 2025 11:48 PM IST
കോട്ടയം: മാലിന്യമുക്ത നവകേരളം ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന് ഒരുക്കങ്ങളായി. തിരുനക്കര മൈതാനത്ത് ഏഴിനു വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് പ്രഖ്യാപനം നടത്തും. എംപിമാരും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.
പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് പരിസരത്തുനിന്ന് തിരുനക്കരയിലേക്ക് ശുചിത്വസന്ദേശ റാലി നടത്തും. ഹരിതകര്‍മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശസ്ഥാപന ഭരണകര്‍ത്താക്കള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റാലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബ്ലോക്കുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ടൗണുകള്‍, പൊതു ഇടങ്ങള്‍ എന്നിവയുടെ ഹരിതപദവി പ്രഖ്യാപനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജില്ലാതല പ്രഖ്യാപനം നടത്തുന്നത്. മികച്ച ഹരിതമാതൃകയുടെ അവതരണം, വിവിധ പുരസ്കാരങ്ങളുടെ വിതരണം, പ്രഖ്യാപനത്തിന്റെ സ്മാരകമായി പാഴ്വസ്തുക്കള് ഉപയോഗിച്ചുള്ള ആര്‍ട്ട് ഇന്സ്റ്റലേഷന് എന്നിവയും നടത്തും. ജില്ലയിലെ 1114 വിദ്യാലയങ്ങളും 128 കലാലയങ്ങളും 4338 ഓഫീസുകളും 15,202 അയല്‍ക്കൂട്ടവും 20 വിനോദ സഞ്ചാരകേന്ദ്രവും 135 ടൗണുകളും 68 പൊതുസ്ഥലങ്ങളും ഹരിതപദവി കൈവരിച്ചു.