മാലിന്യമുക്ത കാമ്പയിന്; പഞ്ചായത്തുകളിലൂടെ ശുചിത്വസന്ദേശ യാത്ര നടത്തി
1539028
Wednesday, April 2, 2025 11:48 PM IST
കാഞ്ഞിരപ്പള്ളി: കേരളം മുഴുവന്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി, മണിമല എന്നീ പഞ്ചായത്തുകളിലൂടെ ശുചിത്വസന്ദേശ യാത്ര നടത്തി. ബ്ലോക്ക്-പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, വജ്രജൂബിലി കലാകാരന്മാർ, ഹരിതകര്‍മ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. നമ്മുടെ നാട് മാലിന്യമുക്തമാക്കുന്നതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതിനാണ് യാത്ര സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതിന് കോരുത്തോട് സ്കൂള്‍ ജംഗ്ഷനിൽനിന്ന് ആരംഭിച്ച ശുചിത്വസന്ദേശ യാത്ര 10ന് മുണ്ടക്കയം, 11ന് കൂട്ടിക്കല്‍, 12.30ന് പാറത്തോട്, 2.30ന് എരുമേലി, 3.30ന് മണിമല, 4.30ന് കാഞ്ഞിരപ്പള്ളി എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോയി. യാത്രയിലുടനീളം കലാജാഥയും ഫ്ലാഷ് മോബുകളും അണിനിരന്നു. കൂടാതെ എല്ലാ മേഖലകളിലും ശുചിത്വസന്ദേശ ലീഫ് ലൈറ്റുകള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം. ജാന്‍സി, രേഖ ദാസ്, ബിജോയ് ജോസ്, കെ.കെ. ശശികുമാര്‍, മറിയമ്മ സണ്ണി, സിറിൾ തോമസ്, കെ.ആര്. തങ്കപ്പന് എന്നിവര്‍ നേതൃത്വം നല്കി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ശുചിത്വസന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരന്, പി.ആര്. അനുപമ, ജെസി ഷാജന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എസ്. ഫൈസല്‍, ജോയിന്റ് ബിഡിഒ ടി.എ. സിയാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.