വേനല്‍മഴ തുടരും; കാറ്റിനും സാധ്യത
1539337
Friday, April 4, 2025 12:03 AM IST
കോട്ടയം: വേനല്‍മഴയില്‍ കോട്ടയം ജില്ല ഒന്നാമത്. മാര്‍ച്ചില്‍ കോട്ടയം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് - 121.2 മില്ലിമീറ്റര്‍. സാധാരണ ലഭിക്കുന്ന 54.9 മില്ലിമീറ്റര്‍ വേനല്‍മഴയേക്കാള്‍ 66.3 മില്ലിമീറ്റര്‍ കൂടുതലാണിത്. ഏപ്രിലിലും ശക്തമായ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
91 ശതമാനം അധിക മഴയാണ് പെയ്തത്. സാധാരണ 34 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 67 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 2017 ന് ശേഷം സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും വേനല്‍ മഴ പെയ്യുന്നത്.
വേനല്‍മഴയില്‍ പത്തനംതിട്ട (109 മില്ലിമീറ്റര്‍) രണ്ടാമതും തിരുവനന്തപുരം (108 മില്ലിമീറ്റര്‍)മൂന്നാമതുമുണ്ട്. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ വേനല്‍മഴ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. താപനിലയിലും കോട്ടയം ഏറെ മുന്നിലാണ്. മാര്‍ച്ചില്‍ മൂന്നു ദിവസം തീക്കോയിയില്‍ താപനില 38 ഡിഗ്രിയിലെത്തി. വടവാതൂരില്‍ മൂന്നു ദിവസം 37.5 ഡിഗ്രി രേഖപ്പെടുത്തി.
ശരാശരി താപനില കഴിഞ്ഞ മാസം 36 ഡിഗ്രിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ ഒരു ശതമാനം കൂടുതലാണ് ജില്ലയിലെ ചൂട്. സംസ്ഥാനത്ത് രണ്ടാഴ്ചകൂടി ഇടിമിന്നലോടെ മഴ ലഭിക്കും. മലയോരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.