പുകയില ഉത്പന്നങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
1539261
Thursday, April 3, 2025 6:56 AM IST
കോട്ടയം: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. ആസാം സോനിത്പുര്‍ ജില്ലക്കാരായ അമീര്‍ അലി, ജാബിര്‍ ഹുസൈന് എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന കുമാരനല്ലൂര്‍ മില്ലേനിയം ലക്ഷംവീട് കോളനിയിലെ വാടകവീട്ടില്‍നിന്ന് 3,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു.
നിരോധിത പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് രഹസ്യമായി വില്പന നടത്തിവരികയായിരുന്നു സംഘം. കോട്ടയം ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ നിരീക്ഷിച്ചു പിടികൂടുകയായിരുന്നു.
വിപണിയില്‍ രണ്ടു ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ വാടകവീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഡാന്‍സാഫ് സംഘാംഗങ്ങള്‍ക്കൊപ്പം എസ്ഐ അനുരാജ്, ഷൈജു രാഘവന്, എഎസ്ഐ സന്തോഷ് ഗിരി പ്രസാദ്, സിബിച്ചന്, ലിജു തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്കി.