മൂലേക്കടവ് കടത്ത് നിലച്ചു; ജനം ദുരിതത്തിൽ
1539273
Thursday, April 3, 2025 7:05 AM IST
തലയോലപ്പറമ്പ്: മറവൻതുരുത്ത്- ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂലേക്കടവ് കടത്ത് നിലച്ചു. ജനം ദുരിതത്തിൽ. തുരുത്തുമ്മ നിവാസികളായ ഇരുനൂറോളം കുടുംബങ്ങൾ കടത്തു നിലച്ചതോടെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ടിവരുന്നു.
മൂലേക്കടവിൽ പുതിയ പാലത്തിന്റെ നിർമ്മാണം നടന്നുവരുന്നതിനിടെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ പഞ്ചായത്ത് കടത്ത് ഏർപ്പെടുത്തിയിരുന്നു. കടത്തുവള്ളം മാർച്ച് 31 മുതൽ നിലച്ചതോടെ തുരുത്തുമ്മ നിവാസികൾ ദുരിതത്തിലായി. മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകൾ സഹകരിച്ചാണ് മൂലേക്കടവിൽ കടത്ത് ഏർപ്പെടുത്തിയിരുന്നത്.
കിഫ്ബി പദ്ധതിയുടെ ഭാഗമായി നിർമാണം നടക്കുന്ന മൂലേക്കടവ് പാലം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. കടത്ത് പുനഃസ്ഥാപിക്കാത്തതിനാൽ തുരുത്തുമ്മ നിവാസികൾ കിലോമീറ്ററുകൾ ചുറ്റി തട്ടാവേലി പാലം വഴിയോ നീർപ്പാറ വഴിയോ സഞ്ചരിച്ചാണ് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്.
മറവൻതുരുത്ത് നിവാസികൾക്ക് ബ്രഹ്മമംഗലത്തും നീർപ്പാറയിലും എത്തിച്ചേരാനുള്ള എളുപ്പ മാർഗമായിരുന്നു മൂലേക്കടവ് കടത്ത്. ഏനാദിയിൽനിന്നു മറവൻതുരുത്ത്, വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിലേക്ക് പോകുന്ന നിരവധിപ്പേരാണ് ഈ കടത്തിനെ ആശ്രയിച്ചിരുന്നത്.
മൂലേക്കടവ് പാലം യാഥാർഥ്യമാകുന്നതുവരെ യാത്രാക്ലേശം പരിഹരിക്കാൻ കടത്ത് പുനഃസ്ഥാപിക്കാൻ ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.