നഗരത്തിലെ ഓടയിൽ ഒഴുക്കു നിലച്ചു; മലിനജലം കെട്ടിടങ്ങളിലേക്ക്
1539034
Wednesday, April 2, 2025 11:48 PM IST
പാലാ: ഓടയിലെ ഒഴുക്കു നിലച്ച് മാലിന്യം കെട്ടിടങ്ങളുടെ പരിസരത്തേക്ക് ഒഴുകിയെത്തുന്നു. നഗരത്തില്‍ ജനറൽ ആശുപത്രിക്കു സമീപമുള്ള ഓടയിലെ ഒഴുക്ക് നിലച്ചതു മൂലമാണ് മലിനജലം ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
കിഴതടിയൂര്‍ സഹകരണബാങ്കിന്റെ മുന്‍ഭാഗത്താണ് ഓടയുടെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെയാണ് സമീപത്തെ കെട്ടിടങ്ങളിലുള്ളവരും വിവിധ സ്ഥാപനങ്ങളിലുള്ളവരും ദുരിതത്തിലായത്. വാട്ടര്‍ അഥോറിറ്റിയുടെ ടാങ്ക് കഴുകിയ ശേഷം ഒഴുക്കിക്കളയുന്ന മലിനജലമാണ് പുത്തന്‍പള്ളിക്കുന്ന് ഭാഗത്തുനിന്ന് ഓടയിലൂടെ ഒഴുകിയെത്തി നഗരത്തിലെ ഓടയിലേക്കു ചേരുന്ന ഭാഗത്തെത്തുന്നത്. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് അകത്തേക്കു കയറാനും പുറത്തിറങ്ങാനും സാധിക്കാത്ത സാഹചര്യമാണുള്ളത്.
വാട്ടര്‍ അഥോറിറ്റി വെള്ളം ഒഴുക്കിവിടുമ്പോഴൊക്കെ ഓടയില്‍നിന്നു വെള്ളം തിരിച്ചൊഴുകി കെട്ടിടങ്ങളുടെ മുറ്റത്തേക്ക് എത്തും. ചില ദിവസങ്ങളില്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ മലിനജലം വേലിയേറ്റമെന്നതുപോലെ തള്ളിക്കയറും. നഗരസഭയുടെ നേതൃത്വത്തില്‍ സമീപകാലത്ത് ഓടയുടെ മൂടി തുറന്ന് കുറച്ചു ഭാഗം വൃത്തിയാക്കിയിരുന്നെങ്കിലും മലിനജലം തിരിച്ചൊഴുകുകയാണ്.
വാട്ടര്‍ അഥോറിറ്റി മലിനജലം ഒഴുക്കിക്കളയുന്നതിലും അപാകതയുണ്ടെന്നു ജനങ്ങൾ പറയുന്നു.