പത്തുകോടിയുടെ എരുമേലി മാസ്റ്റർ പ്ലാന്: റിംഗ് റോഡുകളിൽ സർവേ ഇന്ന്
1538985
Wednesday, April 2, 2025 10:49 PM IST
എരുമേലി: പത്തു കോടി രൂപ എരുമേലിയുടെ മാസ്റ്റർ പ്ലാൻ പദ്ധതിക്ക് അനുവദിച്ച് രണ്ടു വർഷത്തിനുശേഷം റിംഗ് റോഡുകൾ പരിശോധിച്ച് സർവേ നടത്തി പ്ലാൻ തയാറാക്കാൻ ഏജൻസി പ്രതിനിധികൾ എത്തുന്നു. ഭാവിയിൽ വിമാനത്താവളം യാഥാർഥ്യമാകുമെന്നത് മുൻനിർത്തി എരുമേലി ടൗണിന് ചുറ്റുമുള്ള റോഡുകൾ പരസ്പരം ബന്ധിപ്പിച്ച് ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്ന മാസ്റ്റർ പ്ലാനിലെ നിർദേശത്തിന്റെ ഭാഗമായാണ് റിംഗ് റോഡുകൾ പരിശോധിക്കുന്നത്.
നേർച്ചപ്പാറ റോഡ്, റോട്ടറി ക്ലബ്-ഓരുങ്കൽക്കടവ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്-പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ-സർക്കാർ ആശുപത്രി-പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ-പ്രപ്പോസ്, കരിങ്കല്ലുമുഴി-പൊരിയന്മല, കാരിത്തോട് എൻഎംഎൽപി സ്കൂൾ-കനകപ്പലം എന്നീ റോഡുകളാണ് ഇന്ന് പരിശോധിക്കുന്നത്.
രണ്ടുവർഷം മുമ്പുള്ള സംസ്ഥാന ബജറ്റിലാണ് മാസ്റ്റർ പ്ലാനിന് പത്തു കോടി രൂപ അനുവദിച്ചത്. സർക്കാർ അംഗീകൃത ഏജൻസിയെ തെരഞ്ഞെടുത്ത് പ്ലാൻ തയാറാക്കാൻ ദേവസ്വം ബോർഡിനാണ് ചുമതല നൽകിയിരുന്നത്. ഇതേത്തുടർന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും കൺസൾട്ടന്റ് സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിന് താത്പര്യപത്രം ക്ഷണിക്കാൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
താത്പര്യപത്രം ക്ഷണിച്ചതിൽ ഒരു സ്ഥാപനം നൽകിയ റിപ്പോർട്ട് അംഗീകരിച്ച് ഈ സ്ഥാപനത്തെ കൺസൾട്ടന്റായി അനുമതി നൽകിയെങ്കിലും ഈ സ്ഥാപനം പിന്മാറിയതോടെ വീണ്ടും താത്പര്യപത്രം ക്ഷണിച്ചെങ്കിലും ഒരു സ്ഥാപനവും മുന്നോട്ടു വന്നില്ല. തുടർന്ന് വീണ്ടും താത്പര്യപത്രം ക്ഷണിച്ച് ഒരു ഏജൻസിക്ക് ചുമതല ലഭിച്ചെങ്കിലും നടപടികളായിരുന്നില്ല. ഇതേത്തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ദേവസ്വംമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം അറിയിക്കുകയും തുടർന്ന് ഏജൻസിയെ നിയോഗിച്ച് ദേവസ്വം ബോർഡ് നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
മാസ്റ്റർ പ്ലാൻ തയാറാക്കാൻ മൂന്നു മാസം സമയമാണ് ഏജൻസിക്ക് അനുവദിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാൻ 15 ദിവസം സാവകാശവും അംഗീകരിച്ചാൽ പ്ലാൻ പ്രകാരം പദ്ധതികൾ നടപ്പിലാക്കാൻ മൂന്ന് വർഷവുമാണ് കാലപരിധി. ശബരിമലയുടെ കവാടം, നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, നിർദിഷ്ട ശബരി റെയിൽവേപാത എന്നിവ പരിഗണിച്ച് എരുമേലി ടൗണിന് ചുറ്റും റിംഗ് റോഡുകൾ, ടൗൺ പരിസരങ്ങളിലെ റോഡുകളുടെ വികസനം, കാര്യക്ഷമമായ മാലിന്യസംസ്കരണം തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിൽ പരിഗണിക്കുന്നത്.