രാത്രിയുടെ മറവിൽ അറവുശാല മാലിന്യം തോടുകളിലും കായലുകളിലും തള്ളിയിരുന്നവര്‍ പിടിയില്‍
1538963
Wednesday, April 2, 2025 7:08 AM IST
കടുത്തുരുത്തി: കാലങ്ങളായി രാത്രിയുടെ മറവില്‍ അറവ് ശാലയില്‍നിന്നുള്ള മാലിന്യം ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ തോടുകളിലും കായലുകളിലും തള്ളിയിരുന്നവര്‍ ഒടുവില്‍ പിടിയില്‍. വാഹനത്തില്‍ കരയിലെത്തിച്ചു നല്‍കിയിരുന്ന മാലിന്യം ഇതര സംസ്ഥാനതൊഴിലാളികള്‍ വള്ളത്തില്‍ കടത്തിക്കൊണ്ടുപോയി തോടുകളില്‍ തള്ളുകയായിരുന്നു പതിവ്.
പലനാള്‍ കള്ളന്, ഒരുനാള്‍ പിടിയില്‍ എന്ന ചൊല്ലുപോലെയായി കല്ലറ മണിയന്തുരുത്തിലെ മാലിന്യം കടത്തല്‍ സംഭവം. മൂന്ന് മാസത്തിലധികമായി രാത്രിയുടെ മറവില്‍ മണിയന്തുരുത്ത് തോടിനോട് ചേര്‍ന്നുള്ള റോഡരികില്‍ വാഹനങ്ങളിലെത്തിക്കുന്ന അറവുശാലയിലെ മാലിന്യം യമഹ എന്ജിന് ഘടിപ്പിച്ച വള്ളങ്ങളില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ഈ ഭാഗത്ത് ആള്‍ത്താമസം കുറഞ്ഞ മേഖലയായതിനാല്‍ മാലിന്യ വിപണനം അധികമാരും ശ്രദ്ധിച്ചിരുന്നുമില്ല. കഴിഞ്ഞദിവസം രാത്രിയിലും പതിവുപോലെ വീപ്പകളിലാക്കി മാലിന്യം വാഹനങ്ങളില്‍ ഇവിടെയത്തിച്ചു.
ആദ്യവാഹനത്തില്‍ കൊണ്ടുവന്ന അറവുശാലയിലെ മാലിന്യം എന്ജിന് ഘടിപ്പിച്ച വള്ളത്തില്‍ കയറ്റിക്കൊണ്ടുപോയി. രണ്ടാമത്തെ വാഹനത്തിന്റെ ടയര്‍ തകരാറിലായതോടെ മാലിന്യം ഇറക്കാന്‍ വൈകി. ഇതിനിടെ നേരം വെളുത്തു. ഇതുവഴിവന്ന നാട്ടുകാരായ ചിലര്‍ ഇതുകണ്ടു.
നോക്കിയപ്പോള്‍ പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ രീതിയിലുള്ള അറവുശാലയിലെ മാലിന്യം. ഉടന്‍തന്നെ നാട്ടുകാര്‍ കല്ലറ പഞ്ചായത്തിലെ വൈസ് പ്രസിഡന്റും പതിനൊന്നാം വാര്‍ഡ് മെംബറുമായ അമ്പിളി മനോജിനെ വിവരമറിയിച്ചു. സംഭവം വഷളാകുമെന്ന് കണ്ടതോടെ മാലിന്യം കയറ്റിയ എന്ജിന്വച്ച വള്ളം ഇവിടെനിന്ന് വേഗത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയി.
സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റും സെക്രട്ടറി കെ.പി. യശോധരനും ചേര്‍ന്ന് മാലിന്യം കൊണ്ടുവന്ന വാഹനം പിടികൂടി കടുത്തുരുത്തി പോലീസിന് കൈമാറി. കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് മാലിന്യം കൊണ്ടുവന്നതെന്നും ആലപ്പുഴക്കാരനായ ഏജന്റാണ് കല്ലറയില്‍ ലോഡുമായി പോകാന്‍ നിര്‍ദേശിച്ചതെന്നും ഡ്രൈവര്‍ പറഞ്ഞതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരേ പിഴ ചുമത്തുമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മാലിന്യം കൊണ്ടുപോകാന്‍വന്ന വള്ളത്തിലുണ്ടായിരുന്നത് ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു.
മണിയന്തുരുത്ത് ഭാഗത്തെത്തിക്കുന്ന മാലിന്യം കെവി കനാല്‍ വഴി കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് ഇത സംസ്ഥാന തൊഴിലാളികള്‍ തോട്ടിലൂടെ വള്ളത്തില്‍ പോകുന്നവര്‍ ചോദിക്കുമ്പോള്‍ പറയാറുള്ളത്.
പാടശേഖരങ്ങള്‍ക്ക് നടുവിലുള്ള സ്ഥലങ്ങളിലാണ് ഇവ ഉപേക്ഷിക്കാറുള്ളതെന്നും ഇവര്‍ പറഞ്ഞതായി നാട്ടുകാരനായ അരുണ്‍ പറഞ്ഞു.
മണിയന്തുരത്ത് ഭാഗത്തെ റോഡിലും തോടിന്റെ സൈഡുകളിലും അറവുശാല മാലിന്യങ്ങള്‍ വീണു കിടക്കാറുണ്ടായിരുന്നു. ദുര്‍ഗന്ധംമൂലം പലപ്പോഴും നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ഇതുവഴി കാല്‍നടയാത്ര പോലും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.