കടുത്തുരുത്തി-പിറവം റോഡ് : പുനർനിർമാണ അനുമതിക്കു താമസം; അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണം
1538961
Wednesday, April 2, 2025 6:55 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡ് പുനരുദ്ധരിക്കാ നുള്ള അനുമതി സര്‍ക്കാര്‍ തലത്തില്‍ വൈകുന്ന സാഹചര്യത്തില്‍ അടിയന്തര അറ്റകുറ്റപണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ. റോഡ്സ് ചീഫ് എൻജിനിയര്‍ക്ക് നിവേദനം നല്കി. വകുപ്പുതലത്തില്‍ മടക്കി അയച്ച പ്രധാന ഫയല്‍ പരിശോധനയ്ക്ക് ശേഷം ധനകാര്യമന്ത്രിക്ക് വീണ്ടും സമര്‍പ്പിച്ചു.
കടുത്തുരുത്തി-അറുനൂറ്റിമംഗലം റോഡ് നവീകരണ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്കാന് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എൻജിനിയര്‍ക്ക് കത്ത് നല്കി.
അറുനൂറ്റിമംഗലം പള്ളിയില്‍ നടക്കുന്ന നാല്പതാം വെള്ളിയാചരണത്തോടുനുബന്ധിച്ചുള്ള മലകയറ്റം, മങ്ങാട്ടുകാവ്, കെലാസപുരം ക്ഷേത്രങ്ങളിലെ ഉത്സവം, കെഎസ് പുരം കുരിശുപള്ളി തിരുനാള്‍ തുടങ്ങിയ പ്രാദേശിക ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസസമൂഹത്തെ കണക്കിലെടുത്ത് ഈ മാസം പത്തിന് മുമ്പ് കടുത്തുരുത്തി-പിറവം റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള പരിശ്രമം നടത്തിയെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല.
ധനകാര്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും രണ്ട് വകുപ്പുകളും ചീഫ് ടെക്നിക്കല്‍ എക്സാമിനറും നിരവധി പരിശോധനകള്‍ നടത്തിയ ശേഷം അന്തിമ ഉത്തരവിറക്കാന്‍ 15 ദിവസം മുമ്പ് ഫയല്‍ സമര്‍പ്പിച്ചത് വലിയ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ ഉത്തരവിറങ്ങുന്നതിനു പകരം പൊതുമരാമത്ത് വകുപ്പില്‍നിന്ന് ധനകാര്യവകുപ്പിന്റെ കീഴിലുള്ള ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ക്ക് ഫയല്‍ മടക്കി അയയ്ക്കുകയാണുണ്ടായത്.
രണ്ട് വകുപ്പുകളും പരിശോധിച്ച ഫയലില്‍ റോഡ് നിര്‍മാണ ചെയ്നേജ് രേഖപെടുത്തിയത് പരസ്പരം മാറിപ്പോയെന്ന് ചൂണ്ടിക്കാണിച്ചു ഇക്കാര്യം തിരുത്താന്‍ ആവശ്യപ്പെട്ടാണ് ഫയല്‍ മടക്കി അയച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ എംഎല്‍എയോട് പറഞ്ഞു.
തുടര്‍ന്ന് ധനകാര്യ- പൊതുമരാമത്ത് മന്ത്രിമാരെ എംഎല്‍എ നേരില്‍ക്കണ്ട് ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ സംഭവിച്ച പിഴവ് തിരുത്താന്‍ ആവശ്യമായ നിര്‍ദേശം കൊടുപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ധനകാര്യമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ എത്തിച്ചിരിക്കുകയാണ്.
വാട്ടര്‍ അഥോറിറ്റി പൈപ്പിട്ട ശേഷം റോഡ് പുനരുദ്ധാരണത്തിനുവേണ്ടി ഡെപ്പോസിറ്റുചെയ്ത തുകയ്ക്കുള്ള ഭരണാനുമതി ഉത്തരവ് സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതിനുള്ള നെട്ടോട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ സമയബന്ധിതമായി നടക്കാതെ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പത്തിന് മുമ്പ് സ്പെഷല്‍ ഫണ്ട് അനുവദിച്ചു റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ സ്പെഷല്‍ പാച്ച് വര്‍ക്ക് ഫണ്ട് അനുവദിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുവരണമെന്നുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.
പ്രധാന വര്‍ക്ക് ഉടനെ നടക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്ത് റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.