വൈക്കത്ത് ജനപ്രിയമായി ഗ്രാമവണ്ടി
1538964
Wednesday, April 2, 2025 7:08 AM IST
വൈക്കം: ഗ്രാമപ്രദേങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനായി വൈക്കം കെഎസ്ആർടി സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത് നടത്തുന്ന ഗ്രാമവണ്ടി ജനപ്രിയമാകുന്നു.
വൈക്കം കെഎസ്ആർടിസി വൈക്കം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ഉൾപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ മൂന്ന് ബസുകളാണ് സർവീസ് നടത്തുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. സുനിലാണ് ആദ്യം ഗ്രാമവണ്ടി സർവീസ് തുടങ്ങിയത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തലയോലപ്പറമ്പ്, കുറവിലങ്ങാട്, ഞീഴൂർ എന്നിവടങ്ങളുമായി ബന്ധപ്പെടുത്തി രണ്ട് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഡീസൽ ചെലവിനായുള്ള തുക ബ്ലോക്ക് പഞ്ചായത്ത് നൽകുന്നതിനാൽ സർവീസ് നടത്തിക്കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.
ബസ് സർവീസ് നിലവിലില്ലാത്ത തലയോലപ്പറമ്പ് കോരിക്കൽ, പഴമ്പെട്ടി, തുടങ്ങിയ സ്ഥലങ്ങളിലും കെഎസ്ആർടിസി ബസ് എത്താത്ത ടിവിപുരം പഞ്ചായത്തിലും ഗ്രാമവണ്ടി എത്തിയത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിലവിൽ ഒരു ബസാണ് ഗ്രാമവണ്ടി സർവീസിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഡീസൽ ചെലവിനായി പ്രതിമാസം ഒരു ലക്ഷം രൂപ കെ എസ്ആർടി സിക്ക് നൽകുന്നുണ്ട്. കഴിഞ്ഞ നവംബർ15ന് തുടങ്ങിയ ഗ്രാമവണ്ടി അഞ്ചുമാസം പിന്നിടുമ്പോഴും കിതയ്ക്കാതെ ഓടുകയാണ്. വൈക്കം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആറു പഞ്ചായത്തുകളുമായി സഹകരിച്ചു സർവീസ് നടത്താനായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പദ്ധതി.
തലയാഴം, ടിവി പുരം പഞ്ചായത്തുകൾ ഗ്രാമവണ്ടി സർവീസുമായി സഹകരിക്കാൻ തയാറായിട്ടുണ്ട്. മറവൻതുരുത്ത്, ചെമ്പ് ഉദയനാപുരം, വെച്ചൂർ പഞ്ചായത്തുകളും ഈ സാമ്പത്തിക വർഷം ഗ്രാമവണ്ടിയുമായി സഹകരിക്കാനിടയുണ്ട്. ഇപ്പോൾ രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകൾ വീതമാണ് ഗ്രാമവണ്ടി സർവീസ് നടത്തുന്നത്.
ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകൾകൂടി സഹകരിച്ചാൽ ആ പഞ്ചായത്തുകളിലേക്കുകൂടി സർവീസ് നടത്തേണ്ടിവരും. രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പെന്നത് ഓരോ ട്രിപ്പാക്കി സർവീസ് ക്രമീകരിക്കേണ്ടിവരും.
ആറു പഞ്ചായത്തുകളും ഡീസൽ ചെലവിന്റെ സാമ്പത്തിക ഭാരം പങ്കിടാൻ തയാറായാൽ ഉൾപ്രദേശത്തെ ജനങ്ങൾക്കായി കൂടുതൽ ഗ്രാമവണ്ടി തുടങ്ങാൻ ബ്ലോക്ക് പഞ്ചായത്തിനാകുമെന്ന് ഗ്രാമവണ്ടി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തുടങ്ങാൻ മുൻകൈയെടുത്ത മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് പറഞ്ഞു.