ഒടുവിൽ ആവശ്യം അധികാരികള്‍ ചെവിക്കൊണ്ടു : ചങ്ങനാശേരി-മണിമല രാത്രികാല ബസ് സര്‍വീസ് പുനരാരംഭിച്ചു
1538968
Wednesday, April 2, 2025 7:08 AM IST
ചങ്ങനാശേരി: യാത്രക്കാരുടെ നിരന്തരമായ ആവശ്യം അധികാരികള്‍ ചെവിക്കൊണ്ടു. കോവിഡ്കാലത്ത് നിര്‍ത്തലാക്കിയ ചങ്ങനാശേരി-മണിമല രാത്രികാല കെഎസ്ആര്‍ടിസി സ്റ്റേ ബസ് സര്‍വീസ് ഇന്നലെ രാത്രിമുതല്‍ പുനരാരംഭിച്ചു.
ചങ്ങനാശേരിയില്‍നിന്നു രാത്രി 9.45ന് ബസ് പുറപ്പെടുന്ന ബസ് 10.40ന് മണിമലയില്‍ എത്തിച്ചേരും. പിറ്റേന്നു പുലര്‍ച്ചെ 4.40ന് മണിമലയില്‍നിന്നു പുറപ്പെട്ട് 5.40ന് ബസ് ചങ്ങനാശേരിയില്‍ എത്തിച്ചേരും.
വിവിധ സ്ഥലങ്ങളില്‍നിന്നു ജോലി കഴിഞ്ഞെത്തുന്ന ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സൗകര്യപ്രദമായ ബസ് സര്‍വീസാണിത്. രാത്രിയില്‍ ട്രെയിനില്‍ എത്തുന്നവര്‍ക്കും രാവിലെ ട്രെയിനില്‍ സഞ്ചരിക്കാനുള്ളവര്ക്കും ഈ സര്‍വീസ് ഉപകാരപ്രദമാണ്.
കോവിഡ്കാലത്ത് നിര്‍ത്തലാക്കിയ ഈ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് തെങ്ങണ, കറുകച്ചാല്‍, നെടുംകുന്നം, മണിമല റൂട്ടിലൂള്ള നിരവധി യാത്രക്കാര്‍ക്ക് ഉപകരിക്കുമെന്ന് ദീപിക പലതവണ റിപ്പേര്‍ട്ട് ചെയ്തിരുന്നു.
ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഈ സര്‍വീസ് അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചങ്ങനാശേരിയിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പുതിയ കെട്ടിട നിര്‍മാണം ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഗണേഷ് കുമാറിനോട് ജോബ് മൈക്കിള്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
ബസിലെ ജീവനക്കാര്‍ക്ക് മണിമലയില്‍ താമസസൗകര്യം ക്രമീകരിക്കുന്ന മുറക്ക് സര്‍വീസ് അനുവദിച്ചുതരുമെന്ന് മന്ത്രി അന്ന് ഉറപ്പ് നല്കി.
ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിളും കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍. ജയരാജും ഇടപെട്ടാണ് സര്‍വീസ് പുനരാരംഭിച്ചത്. വെള്ളാവൂര്‍ പഞ്ചായത്ത് അധികാരികളാണ് ബസ് ജീവനക്കാര്‍ക്ക് മണിമല ബസ് സ്റ്റാന്‍ഡില്‍ താമസസൗകര്യം ഒരുക്കിയത്.
ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനു നേതൃത്വം നല്കിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പാസഞ്ചേഴ്സ് അസോസിയേഷന് അഭിനന്ദിച്ചു. ടെര്‍മിനല്‍ നിര്‍മാണത്തിനായി ചങ്ങനാശേരി ബസ് സ്റ്റാന്‍ഡ് അടയ്ക്കുന്നതിനാല്‍ ഇന്നുമുതല്‍ ഈ ബസ് പെരുന്ന ബസ് സ്റ്റാന്ഡില്നിന്നായിരിക്കും ആരംഭിക്കുന്നത്.
ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു
ചങ്ങനാശേരിയില്‍നിന്നുള്ള മണിമല സ്റ്റേ ബസ് സര്‍വീസ് ജോബ് മൈക്കിള്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍, പത്തനാട്, മണിമല ഭാഗത്തേക്കുള്ള ഈസര്വീസ് മലയോര പ്രദേശത്ത ജനങ്ങള്‍ക്കും മറ്റ് ജോലിക്കാര്‍ക്കും ഏറെ ഉപകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, ഡിടിഒ അനില്‍കുമാര്‍, എടിഒ എസ്. രമേശ്, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, യൂണിയന് പ്രതിനിധികള്‍, ബസ് പാസഞ്ചേഴ്സ് ഫോറം പ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.