കുറുപ്പന്തറയിലെ അമിത സണ്ണിയുടെ മരണം : മക്കളെ ഭര്‍തൃവീട്ടുകാരെ ഏല്‍പ്പിക്കരുതെന്ന്
1538966
Wednesday, April 2, 2025 7:08 AM IST
കടുത്തുരുത്തി: എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കളെ ഭര്‍ത്തൃവീട്ടുകാരെ ഏല്‍പ്പിക്കരുതെന്നും നിങ്ങള്‍ക്ക് നോക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മക്കളെ അനാഥാലയത്തില്‍ ഏൽപ്പിച്ചാല്‍ മതിയെന്നും മരിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് മകള്‍ ഫോണില്‍ വിളിച്ചു പറഞ്ഞതായി അമിതയുടെ മാതാവ് എത്സമ്മ പറഞ്ഞു.
എന്റെ ഫോണിപ്പോള് കട്ടാകുമെന്നും മകള്‍ പറഞ്ഞതോടെ താനും ഭര്‍ത്താവും ഭയന്നുപോയെന്നും തുടര്‍ന്ന് മകളുടെ ഫോണ്‍ കട്ടായെന്നും എത്സമ്മ പറഞ്ഞു. പിന്നീട് വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല.
അതോടെ മകളുടെ ഭര്‍ത്താവ് അഖിലിനെ ഫോണില്‍ വിളിച്ചെന്നും അമിതയ്ക്ക് എന്തോ മനോവിഷമമുള്ളതായും ഉടന്‍ വീട്ടില്‍ ചെല്ലാനും ആവശ്യപ്പെട്ടു. ഫോണില്‍ വിളിച്ചപ്പോള്‍ അഖില്‍ വീട്ടിലില്ലായിരുന്നു.
തുടര്‍ന്ന് അഖിലിന്റെ മാതാവ് ഷേര്‍ലിയെ ഫോണില്‍ വിളിച്ചെന്നും പുറത്തുപോയിരുന്ന അഖില്‍ ഇപ്പോള്‍ വീട്ടിലെത്തിയെന്നും ഉച്ചമുതല്‍ മകളും മരുമകനും തമ്മില്‍ വഴക്കിട്ടിരുന്നതായും എന്താണെന്ന് തനിക്കറിയില്ലെന്നു ഷേര്‍ലി പറഞ്ഞതായും എത്സമ്മ പറഞ്ഞു.
ഇക്കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും എത്സമ്മ പറഞ്ഞു. സംഭവത്തില്‍ അമിതയുടെയും അഖിലിന്റെയും വീട്ടുകാരുടെ മൊഴികള്‍ എടുത്ത് വീട്ടില്‍ പരിശോധന നടത്തിയതായും എന്നാല്‍ സംശയിക്കത്തക്ക യാതൊന്നും ലഭിച്ചില്ലെന്നും കടുത്തുരുത്തി എസ്ഐ ടി.ആര്. ദീപു പറഞ്ഞു.
കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. യുവതിയുടെ സംസ്കാരം ഇന്നലെ അമിതയുടെ മാതൃ ഇടവകയായ കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്നു. കടപ്ലാമറ്റം നൂറ്റിയാനിക്കുന്നേല്‍ സണ്ണിയുടെ മകളാണ് അമിത. ഞായറാഴ്ച രാത്രി 10.30നാണ് എട്ട് മാസം ഗര്‍ഭിണിയായ അമിതയെ ഭര്തൃവീടിനുള്ളില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അമിതയുടെ സഹോദരിയുടെ ഭര്‍ത്താവിന് ഇഎംഐ വ്യവസ്ഥയില്‍ ഫോണെടുത്ത് നല്‍കിയത് അഖിലായിരുന്നു. ഇതിന്റെ തവണ മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്ന് പോലീസ് പറഞ്ഞു.
അമിതയുടെ അനയ (നാല്), അന്ന (രണ്ടര) എന്നീ രണ്ട് മക്കള്‍ യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സൗദിയില്‍ നഴ്സായി ജോലി നോക്കിയിരുന്ന അമിത ഒരു വര്‍ഷത്തോളമായി നാട്ടില്‍ത്തന്നെയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്ഷത്തോളമാകുന്നതെയുള്ളുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിവാഹസമയത്ത് വീട്ടുകാര്‍ 15 പവന് സ്വര്‍ണവം രണ്ട് ലക്ഷം രൂപയും നല്‍കിയിരുന്നുവെന്നും എന്നാല്‍ അതൊന്നും ഇപ്പോള്‍ ഇല്ലെന്നും അമിതയുടെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മരണം സംബന്ധിച്ചു ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ലെന്ന് എസ്ഐ ടി.ആര്. ദീപു പറഞ്ഞു.