പരിഹാരം അകലെ....അപകടക്കെണിയായി എംസി റോഡിലെ കുഴി; അധികൃതർക്ക് നിസംഗത
1538953
Wednesday, April 2, 2025 6:55 AM IST
ഏറ്റുമാനൂർ: നഗര ഹൃദയത്തിൽ എംസി റോഡിൽ വലിയകുഴി രൂപപ്പെട്ട് നാളേറെയായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ല.
റോഡിലെ അപകടക്കെണിയിൽപ്പെട്ട് യാത്രക്കാർ ബുദ്ധിമുട്ടുന്ന കാര്യം ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പല തവണ വാർത്തയാക്കിയിട്ടും അധികൃതർ നിസംഗത തുടരുകയാണ്. എംസി റോഡിൽ പോസ്റ്റ് ഓഫീസിനു മുന്നിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.
റോഡിനു കുറുകെ നിർമിച്ച കലുങ്കിനോട് ചേർന്ന ഭാഗം താഴ്ന്നുപോകുന്നതാണ് ഇവിടെ കുഴി രൂപപ്പെടാൻ കാരണമായത്. റോഡ് നിർമാണത്തിലെ ഈ അപാകത അന്നേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധിതൃതർ അവഗണിച്ചു.
കുഴി രൂപപ്പെടുകയും കൂടുതൽ ഭാഗത്ത് റോഡ് തകരുകയും ചെയ്തതോടെ കലുങ്കിനോട് ചേർന്ന് താഴ്ന്ന ഭാഗം ഉറപ്പിക്കാതെ ഇന്റർലോക്ക് കട്ടകൾ പാകി.
ഇപ്പോൾ ഈ കട്ടകൾ ഉൾപ്പെടെ താഴ്ന്ന് കുഴി രൂപപ്പെട്ടിരിക്കുകയാണ്. ആംബുലൻസുകളും ആയിരക്കണക്കിന് വാഹനങ്ങളും ദിവസേന കടന്നു പോകുന്ന ഇവിടെ ചെറുതും വലുതുമായ അപകടങ്ങളും പതിവാണ്.
റോഡ് പരിപാലന പദ്ധതിക്ക് എന്തുപറ്റി?
റോഡ് പരിപാലനത്തിന് 2022 ൽ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ഒപിബിആർസി റോഡ് പരിപാലന പദ്ധതിയിൽ ഈ റോഡും ഉൾപ്പെടുന്നതാണ്. എംസി റോഡിന്റെ കോടിമത-അങ്കമാലി റീച്ച് ഉൾപ്പെടെ 107.75 കിലോമീറ്റർ റോഡിന്റെ പരിപാലനം 73.83 കോടി രൂപക്കാണ് കരാർ കൊടുത്തിരിക്കുന്നത്. ഏഴു വർഷമാണ് കരാർ കാലാവധി. പദ്ധതിയുടെ മേൽനോട്ടം പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗത്തെയാണ് ഏല്പിച്ചിരിക്കുന്നത്.
റോഡിൽ ഇത്ര ഗൗരവമുള്ള പ്രശ്നമുണ്ടായിട്ടും കരാറുകാരോ പൊതുമരാമത്ത് വകുപ്പ് അധികൃതരോ പ്രശ്നം പരിഹരിക്കാൻ തയാറാകുന്നില്ല. നാട്ടുകാരും വിവിധ സംഘടനകളും പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.