അകലക്കുന്നം പഞ്ചായത്തിൽ ശുചിത്വ ഭവനം സുന്ദര ഭവനം അവാര്‍ഡ് വിതരണം ചെയ്തു
1538728
Tuesday, April 1, 2025 11:05 PM IST
അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തില്‍ ശുചിത്വഭവനം സുന്ദര ഭവനം പദ്ധതി പൂര്‍ത്തിയായി. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിനെ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും ജൈവ, അജൈവ മാലിന്യസംവിധാനങ്ങള് പരിശോധിച്ചാണ് ശുചിത്വ ഭവനത്തിനുള്ള അവാര്‍ഡുകള്‍ നിശ്ചയിച്ചത്. പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് ഹാളില്‍ നടന്ന പ്രഖ്യാപന യോഗത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പഞ്ചായത്തിനെ മാലിന്യമുക്ത ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നടപ്പിലാക്കിയ നൂതന പദ്ധതിയായ ശുചിത്വഭവനം സുന്ദര ഭവനം പദ്ധതിയിലൂടെ തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് മെമന്റോയും പ്രശസ്തിപത്രവും കൈമാറി.
ശുചിത്വ മാലിന്യ സംസ്കരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡുകള്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, സെക്രട്ടറി സജിത്ത് മാത്യൂസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ശ്രീലത ജയന്, ജേക്കബ് തോമസ്, ജോബി ജോമി, ബെന്നി വടക്കേടം, രാജശേഖരന് നായര്‍, ടെസി രാജു, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രഖ്യാപനത്തിന്റെ ഭാഗമായി പൂവത്തിളപ്പ് കവലയില്‍നിന്നു ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ മികച്ച വായനശാലയായി പട്യാലിമറ്റം ബിഎസ്എസ് നെഹ്റു മെമ്മോറിയല്‍ വായനശാലയേയും, മികച്ച ഹരിത ജനകീയ സംഘടനയായി മഹാത്മാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി മറ്റക്കരയേയും, മികച്ച റെസിഡന്റ്സ് അസോസിയേഷനായി കാഞ്ഞിരമറ്റം റെസിഡന്റ്സ് അസോസിയേഷനേയും, മികച്ച ഹരിത ഇടമായി ആലുംമൂട് ജംഗ്ഷനേയും, മികച്ച ടൗണായി കാഞ്ഞിരമറ്റം ടൗണിനേയും, മികച്ച വാര്‍ഡായി കാഞ്ഞിരമറ്റം ഏഴാം വാര്‍ഡിനേയും തെരഞ്ഞെടുത്തു.