കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ : നഴ്സിനെ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ മുഖത്തടിച്ചു
1538956
Wednesday, April 2, 2025 6:55 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുള്ള നഴ്സിനെ മാനസിക ന്യൂനതയുള്ള സ്ത്രീ ആക്രമിച്ചതായി പരാതി. അത്യാഹിതത്തിലെ ഇന്ജക്ഷന് റൂമില്‍ കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനാണ് മര്‍ദനമേറ്റത്.
ഇന്ജക്ഷന് റൂമില്‍ നഴ്സ് ജോലി ചെയ്തു കൊണ്ടിരിക്കെ ഇവിടെ കയറി വന്ന സ്ത്രീ അസഭ്യം പറയുകയും നഴ്സിന്റെ മുഖത്തടിക്കുകയുമായിരുന്നു. ഈ സമയം ഇന്ജക്ഷന് റൂമിന്റെ സമീപത്ത് പോലീസും സെക്യൂരിറ്റിയും ആക്രമകാരിയായ സ്ത്രീയുടെ ബന്ധുക്കളുമുണ്ടായിരുന്നെന്നു പരാതിയില്‍ പറയുന്നു. ഇവരോട് അന്വേഷിച്ചപ്പോഴാണ് ഈ സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്നതാണെന്നും ആശുപത്രിയിലെ സൈക്കാട്രി ഒപിയില്‍ വന്നതാണെന്നും അറിയുന്നത്.
ആശുപത്രിയില്‍ ഇവര്‍ ബഹളം ഉണ്ടാക്കുകയും സെക്യൂരിറ്റിക്കുനേരേയും അതിക്രമത്തിന് മുതിരുകയും ചെയ്തിരുന്നു. നിലവില്‍ മുഖത്ത് അടിയേറ്റ നഴ്സ് അവധിയെടുത്തിരിക്കുകയാണ്.
അതേസമയം അടിച്ചത് മാനസിക ന്യൂനതയുള്ള സ്ത്രീയായതിനാല്‍ ഇവര്‍ക്കെതിരേ നഴ്സ് പോലീസില്‍ പരാതി നല്കാന് തയാറായില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും നഴ്സ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്കിട്ടുണ്ട്.
സംഭവത്തില്‍ കേരള ഗവ. നഴ്സസ് യൂണിയന് ജില്ലാ പ്രസിഡന്റ് വിപിന്‍ ചാണ്ടി പ്രതിഷേധിച്ചു. ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന സ്ഥലമാണ് മെഡിക്കല്‍ കോളജ് ആശുപത്രി. ഇവിടെ ആതുര സേവനം നടത്തുന്ന ജീവനക്കാര്‍ക്ക് രോഗികളുടെ മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും സുരക്ഷ ശക്തമാക്കണമെന്നും കെജിഎന്‍യു ആവശ്യപ്പെട്ടു.