വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ട് ഇന്ന് ആരംഭിക്കും
1538962
Wednesday, April 2, 2025 6:55 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്ക് പുറത്ത് പാട്ട് ഇന്ന് ആരംഭിക്കും. കൊടുങ്ങല്ലൂർ മീനഭരണിക്കു ശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കു വശത്തേക്ക് കൊടുങ്ങല്ലൂർ ദേവി എഴുന്നള്ളുന്നുവെന്ന സങ്കല്പത്തിലാണ് ദേവിക്കായി കളം വരയ്ക്കുന്നത്.
12 വർഷത്തിലൊരിക്കൽ മീനമാസത്തിലെ കാർത്തിക മുതൽ 12 ദിവസം ഭദ്രകാളി പ്രീതിക്കായി നടത്തുന്ന കളമെഴുത്തും പാട്ടും മറ്റ് പൂജാദികർമങ്ങളും എതിരേല്പും താലപ്പൊലികളും സമാപന ദിവസം നടക്കുന്ന വലിയഗുരുതിയും അടങ്ങുന്ന ചടങ്ങുകളാണ് പ്രസിദ്ധമായ വടക്കുപുറത്ത് പാട്ട്.
ക്ഷേത്രത്തിന്റെ വടക്കുവശത്തായി ഒരുങ്ങുന്ന നെടുംപുരയിൽ 1204 ചതുരശ്രടി വിസ്തീർണത്തിലാണ് കളം വരയ്ക്കുന്നതിനുള്ള തറ തയാറാക്കിയത്. ഇന്നലെ വൈകുന്നേരം ആറിന് ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ് ഭദ്രദീപം തെളിയിച്ചു.