മയക്കുമരുന്നിനെതിരേ കര്‍മസേനയുമായി കത്തോലിക്ക കോണ്‍ഗ്രസ് കത്തീഡ്രൽ യൂണിറ്റ്
1538731
Tuesday, April 1, 2025 11:05 PM IST
കാഞ്ഞിരപ്പള്ളി: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ യൂണിറ്റ് ആവശ്യപ്പെട്ടു.
യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും അതുമൂലമുള്ള കുറ്റകൃത്യങ്ങളും തടയാൻ മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ലഭ്യത ഇല്ലാതാക്കിയാല്‍ മാത്രമേ ശാശ്വത പരിഹാരം കാണാന്‍ കഴിയൂ. മയക്കുമരുന്നിന്റെ പിടിയില്‍നിന്നു നമ്മുടെ നാടിനെ മോചിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യത്തിന് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ യൂണിറ്റ് നേതൃത്വം നല്‍കും. ഇതിലേക്കായി ലഹരിവിരുദ്ധ രഹസ്യ കര്‍മസേന രൂപീകരിക്കാന്‍ സംഘടന തീരുമാനിച്ചു.
വിദ്യാർഥികളുടെ ഇടയിലും സ്കൂളിന് സമീപമുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും നഗര ഇടവഴികളിലും സദാനേരവും അതിസൂഷ്മ നിരീക്ഷണം നടത്താനും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭ്യമാക്കിയും അവരോട് കൂടിച്ചേര്‍ന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും സമയാസമയങ്ങളില്‍ ഒന്നിച്ചുകൂടി പ്രവര്‍ത്തനം വിലയിരുത്താനും യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് ജിജി പുത്തേട്ടിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ യൂണിറ്റ് ഡയറക്ടര്‍ റവ.ഡോ. കുര്യന് താമരശേരി ചൊല്ലിക്കൊടുത്തു.
ജനറല്‍ സെക്രട്ടറി റെജി കൊച്ചുകരിപ്പാപറമ്പില്‍, രൂപത ജനറല്‍ സെക്രട്ടറി ജോസഫ് പണ്ടാരക്കുളം, രൂപത വൈസ് പ്രസിഡന്റ് ഫിലിപ്പ് പള്ളിവാതുക്കല്‍, ജയിംസുകുട്ടി ആശാരിപ്പറമ്പില്‍, സാബു കൊച്ചുപുരയ്ക്കപറമ്പില്, ദേവസ്യ മാത്യു പനയ്ക്കക്കുഴി, ജിജി പുതിയിടം, മെല്ബിന് പോളശേരിയില്, സോജന് പുതുപ്പറമ്പില്‍, ജോഷി പുല്‍പ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.