സെന്റ് ആന്റണീസ് കോളജിന്റെ അവബോധ പരമ്പര ആരംഭിച്ചു
1538730
Tuesday, April 1, 2025 11:05 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ നേതൃത്വത്തിൽ ലഹരി ആപത്താണ് നാടിനും വീടിനും എന്ന ടാഗ് ലൈനിൽ അവബോധ ക്ലാസുകൾ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ രൂപതകളിലെ വിവിധ സൺഡേ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഉത്ഥാനോത്സവത്തോടനുബന്ധിച്ച് പത്തുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.
പെരുവന്താനം സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. സോബിന്‍ താഴത്തുവീട്ടില്‍ ഉദ്ഘാടനം നിർവഹിച്ചു. എസ്എംവൈഎം ഫൊറോന ഡയറക്ടര്‍ ഫാ. ഷിൻസ് പാലയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി.
ജീവിതമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി കരിയർ ഗൈഡൻസ് പ്രോഗ്രാമും ലഹരി വസ്തുക്കളുടെ ഉപയോഗങ്ങൾക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിന് പ്രത്യേകം തയാറാക്കിയ ഷോർട്ട് ഫിലിമിനൊപ്പം ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണിക്കുന്ന ലഘുലേഖയും വിതരണം ചെയ്യും. ലഹരി ഉപയോക്താക്കളെന്ന് സംശയിക്കുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കേണ്ട ഹെൽപ്പ് ലൈൻ നമ്പറും ലഹരി ഉപയോഗം മൂലം രോഗികളായവരെ ചികിത്സിക്കുന്നതിനുള്ള ആശുപത്രികളുടെ നമ്പറും ഈ ലഘുലേഖയിൽ ഉൾപ്പെടുന്നു.
15 ദിവസം വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ തീവ്രയജ്ഞ പരിപാടിയിൽ 80 കേന്ദ്രങ്ങൾ പൂർത്തീകരിക്കുമെന്നും ഇതിലേക്കായി നാല് പ്രഫഷണല്‍ ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും കോളജ് ചെയർമാൻ ബെന്നി തോമസും പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും പറഞ്ഞു.