34 കുടുംബങ്ങള്‍ക്കു തലചായ്ക്കാന്‍ വീടൊരുക്കി ഡോ. ജോര്‍ജ് പീടിയേക്കലും കുടുംബവും
1538720
Tuesday, April 1, 2025 11:05 PM IST
കോട്ടയം: 34 കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചുനല്‍കി ചങ്ങനാശേരി വെരൂര്‍ പീടിയേക്കല്‍ ഡോ. ജോര്‍ജും കുടുംബവും. സമരിറ്റന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചാണു കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 34 നിര്‍ധന കുടുംബങ്ങള്‍ക്കു വീടുകള്‍ നിര്‍മിച്ചുനല്‍കിയത്.
ഈ ഭവനങ്ങളുടെ താക്കോല്‍ദാനം അഞ്ചിന് രാവിലെ 11നു ചങ്ങനാശേരി അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, എന്‍എസ്എസ് എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ഹരികുമാര്‍ കോയിക്കല്‍, പുതൂര്‍പള്ളി ജുമാ അത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഹമീദ്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, വിവിധ സാമൂഹ്യപ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സി.ജെ. ജോസഫ്, ജോസഫ് പായിക്കാടന്‍, കുര്യന് തൂമ്പുങ്കല്‍, മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, ടോമി ഈപ്പന്, ട്രസ്റ്റ് ചെയര്മാന് ഡോ. ജോര്‍ജ് പീടിയേക്കല്‍, ഡോ. ലീലാമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തില്‍ ആതുര സേവന രംഗത്ത് വൈദഗ്ധ്യം തെളിയിച്ച ഡോ. ജെഫേഴ്സണ്‍ ജോര്‍ജ്, ഡോ. റോബിന് ജോര്‍ജ് എന്നിവരെ ആദരിക്കും.
മുട്ടു മാറ്റിവയ്ക്കല്‍ ചികിത്സയില്‍ ദക്ഷിണേന്ത്യയില്‍ മികച്ച സേവനം കാഴ്ചവച്ചയാളാണ് ഡോ. ജെഫേഴ്സണ്‍. അപൂര്‍വ കാന്‍സര്‍ രോഗങ്ങൾക്കുള്ള ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. റോബിന് ജോര്‍ജ്. ഇരുവരും നിരവധിയായ ദേശീയ, അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നേടിയവരാണ്. ഇരുവരും സമരിറ്റന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് ഡോ. ജോര്‍ജ് പീടിയേക്കലിന്റെ മക്കളാണ്. അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി ട്രസ്റ്റ് വിവിധ സാമൂഹ്യ സേവന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പത്രസമ്മേളനത്തില്‍ സമരിറ്റന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഡോ. ജോര്‍ജ് പീടിയേക്കല്‍, ജനറല്‍ കണ്‍വീനര്‍ വിനോദ് പണിക്കര്‍, കണ്‍വീനര്‍മാരായ ജോസുകുട്ടി കുട്ടംപേരൂര്‍, സി.ജെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.