മില്ലുടമകൾ വിലപേശൽ തുടരുന്നു; ഇടപെടാതെ പാഡി ഓഫീസ്
1538718
Tuesday, April 1, 2025 11:05 PM IST
കോട്ടയം: വേനല്‍മഴ കനക്കുംതോറും നെല്‍ക്കര്‍ഷകര്‍ക്കു നിരാശ. കിഴിവിന് വിലപേശുന്ന മില്ലുടമകള്‍ക്ക് സംതൃപ്തിയും. നനവുണ്ടെന്ന പേരില്‍ അഞ്ചു കിലോമുതല്‍ എട്ടു കിലോവരെ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകള്‍ വിലപേശുന്ന സാഹചര്യത്തില്‍ കൊയ്ത്തും സംഭരണവും മന്ദഗതിയിലാണ്. എങ്ങനെയും നെല്ല് കയറിപ്പോകാന്‍ ആഗ്രഹിക്കുന്ന ഒറ്റപ്പെട്ട കര്‍ഷകര്‍ എട്ടും പത്തും കിലോവരെ കിഴിവ് നല്കാന് നിര്‍ബന്ധിതരാകുന്നു.
കുട്ടനാട്ടില്‍ നനവില്ലാത്ത നെല്ലിന് അഞ്ചു കിലോ കിഴിവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മങ്കൊമ്പ് പാഡി ഓഫീസ് ഇന്നലെ കര്‍ഷകര്‍ ഉപരോധിച്ചു. സമാനമായ രീതിയില്‍ കോട്ടയം പാഡി ഓഫീസിലും കഴിഞ്ഞയാഴ്ച ഉപരോധം നടന്നതിനെത്തുടര്‍ന്നാണ് നാലു ശതമാനം കിഴിവില്‍ നെല്ലെടുക്കാന്‍ ധാരണയായത്. അപ്പര്‍ കുട്ടനാട്ടില്‍ ഇരുന്നൂറ് ലോഡ് നെല്ലാണ് വിവിധ പാടങ്ങളില്‍ സംഭരിക്കാനുള്ളത്.
വൈക്കം, തലയാഴം, കുറിച്ചി, കുമരകം, കടുത്തുരുത്തി പ്രദേശങ്ങളില്‍ കൊയ്ത്തും സംഭരണവും താളം തെറ്റിയതോടെ പ്രതിഷേധം കടുത്തു. മില്ലുകളെ സമയബന്ധിതമായി പാടത്ത് എത്തിക്കാന്‍ പാഡി ഓഫീസര്‍മാര്‍ താത്പര്യപ്പെടുന്നില്ല. മില്ലുകാരുടെ ലോറി എത്തുമെന്ന പ്രതീക്ഷയില്‍ തൊഴിലാളികളും കര്‍ഷകരും രാവിലെമുതല്‍ പാടത്ത് കാത്തുനില്‍ക്കേണ്ട സാഹചര്യമാണ്. നിലവിലെ സാഹചര്യത്തില്‍ മേയ് പകുതിയോടെ മാത്രമേ കൊയ്ത്ത് പൂര്‍ത്തിയാകൂ. വേനല്‍മഴ ശക്തിപ്പെട്ടാല്‍ വന്‍നഷ്ടമായിരിക്കും കര്‍ഷകര്‍ക്കുണ്ടാകുക.
സര്‍ക്കാരിന് എന്നും
കടവും കുടിശികയും
ആറു മാസം മുന്‍പ് സംഭരിച്ച വിരിപ്പുനെല്ലിന്റെ പണം ഇതുവരെ ലഭിക്കാത്ത കര്‍ഷകരുണ്ട്. ആ ബാധ്യത നില്‍ക്കെയാണ് കിലോയ്ക്ക് 28.20 രൂപ പ്രകാരം പുഞ്ചനെല്ല് സപ്ലൈകോ സംഭരിച്ചുകൊണ്ടിരിക്കുന്നത്.
ജില്ലയില്‍ മാത്രം നാനൂറു കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. പണമില്ലെന്നു മാത്രമല്ല പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നതാണ് പ്രശ്നം.
എന്തിനും ഏതിനും കേന്ദ്രത്തെ പഴിക്കുന്ന സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് മിനിമം തുക മുന്‍കൂര്‍ കരുതിവയ്ക്കാതെ പ്രതിസന്ധി തീരില്ല. നെല്‍ക്കര്‍ഷകര്‍ക്ക് ലോണായി കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ അനുവദിച്ച തുകയ്ക്ക് ഭീമമായ പലിശയാണ് സര്‍ക്കാര്‍ അടച്ചുതീര്‍ക്കാനുള്ളത്.
മുന്‍ വര്‍ഷങ്ങളില്‍ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്കു നല്കാന് സപ്ലൈകോ എടുത്ത വായ്പയുടെ ബാധ്യത നാലായിരം കോടി രൂപയാണ്.
കര്‍ഷകര്‍ക്കു നല്കിയ പിആര്‍എസ് വായ്പയായി 1297.74 കോടി രൂപയും അടച്ചുതീര്‍ക്കാനുണ്ട്. സംഭരിക്കുന്ന നെല്ലിന് ആനുപാതികമായി അരി ലഭിക്കുന്നതിലെ വ്യത്യാസം സംബന്ധിച്ച ഔട്ട് ടേണ്‍ റേഷ്യോ, പ്രോത്സാഹന ബോണസ്, സിഎംആര് അരിയുടെ വില എന്നീ ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ 1058.13 കോടി രൂപയും സബ്സിഡിയും ഗതാഗതച്ചെലവും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ 1077.67 കോടി രൂപയും സപ്ലൈകോയ്ക്കു നല്‍കാനുണ്ട്.
ഇത്തരത്തില്‍ ഓരോ വര്‍ഷവും ബാധ്യത ഇരട്ടിക്കുന്ന സാഹചര്യമാണ്. വിത്തും വിതയും കൊയ്ത്തുംവരെ കടം വാങ്ങി നടത്തുന്ന കര്‍ഷകരെ വട്ടംകറക്കുന്ന നയവും നിലപാടുമാണ് സര്‍ക്കാരിന്റേത്.