ഒരു വർഷത്തിനിടെ സജോയുടെ തോക്കിനിരയായത് 59 കാട്ടുപന്നികൾ
1538717
Tuesday, April 1, 2025 11:05 PM IST
എരുമേലി: കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നത് ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് 44 കാരനായ സജോ വർഗീസ്. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ 59 പന്നികളെയാണ് സജോ കൊന്നത്. വിവിധ പഞ്ചായത്തുകൾ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകി നിയോഗിച്ച ഷൂട്ടർകൂടിയാണ് മുണ്ടക്കയം വണ്ടൻപതാൽ വട്ടക്കുന്നേൽ സജോ വർഗീസ്. ഇതിനു പുറമേ എരുമേലി ഫോറസ്റ്റ് റേഞ്ചിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വനം വകുപ്പ് നിയോഗിക്കുന്നതും സജോയെയാണ്.
എരുമേലി പഞ്ചായത്തിലെ കണമലയാണ് സജോയുടെ ജന്മസ്ഥലം. മുണ്ടക്കയത്ത് സിസി കാമറ, ഇൻവെർട്ടർ, സോളാർ സ്ഥാപനം നടത്തി വണ്ടൻപതാലിൽ താമസമാക്കിയതോടെ സജോ വാഴകൃഷിയും നടത്തിയിരുന്നു. പതിവായി വാഴത്തോട്ടത്തിൽ പന്നികൾ എത്തിത്തുടങ്ങിയതോടെയാണ് സജോയും പന്നികളും തമ്മിൽ ശത്രുത തുടങ്ങുന്നത്. തോക്ക് ലൈസൻസ് കിട്ടുന്നതിന് മുമ്പ് പന്നികളെ തടയാൻ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിച്ചിരുന്നത്. തോക്ക് ലൈസൻസ് കിട്ടി പന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്ത് വക അനുമതികൂടി ആയതോടെ സജോ ഷൂട്ട് തുടങ്ങി.
കൃഷിസ്ഥലത്തോടു ചേർന്നുള്ള ബോയ്സ് എസ്റ്റേറ്റിലെ പന്നിശല്യം ഒഴിപ്പിക്കാൻ എസ്റ്റേറ്റ് അധികൃതർ സജോയ്ക്ക് സ്പെഷൽ ഓർഡർ നൽകുന്നതിലേക്ക് കാര്യങ്ങൾ എത്തിയതോടെ ആറ് പന്നികളെയാണ് കൃഷിയിടങ്ങളിൽനിന്ന് പലപ്പോഴായി സജോ വെടിവച്ചു കൊന്നത്. ഇതോടെ ഈ മേഖലയിൽ പന്നികളുടെ വരവ് കുറഞ്ഞു. പലയിടത്തും കാട്ടുപന്നികൾ ശല്യമായതോടെ സജോ തന്റെ തോക്കുമായി സൗജന്യസേവനമായി എത്തിത്തുടങ്ങി.
ഇതോടെ കൊക്കയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, വെച്ചൂച്ചിറ, പെരുവന്താനം, പെരുനാട്, കൂരോപ്പട പഞ്ചായത്തുകൾ സജോയ്ക്ക് ഷൂട്ടർ ചുമതല രേഖാമൂലം നൽകി. പഞ്ചായത്തുകൾ ഇതിന് പ്രതിഫലം നൽകാൻ വ്യവസ്ഥ ആയതോടെ പത്ത് പന്നികളെ കൊന്നതിന്റെ പ്രതിഫലം കിട്ടിയെന്ന് സജോ പറഞ്ഞു. അതിനു മുമ്പുള്ള വെടിവയ്ക്കൽ എല്ലാം സൗജന്യമായിരുന്നു.
ഒട്ടേറെ സ്ഥലങ്ങളിൽ പോയി പന്നികളെ കൊല്ലുമ്പോൾ വണ്ടിക്കൂലി ഉൾപ്പെടെ പ്രതിഫലം ലഭിക്കാതെ സൗജന്യസേവനം നടത്തുന്നതുമൂലം പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. പന്നിയെ കൊല്ലാൻ വിളി വരുമ്പോൾ മുണ്ടക്കയത്തെ സ്വന്തം സ്ഥാപനത്തിലെ ജോലി വിട്ടിട്ടാണ് സജോ ബൈക്ക് എടുത്തു പായുന്നത്. പലപ്പോഴും രാത്രിയിൽ പോകേണ്ടിവന്നിട്ടുണ്ട്. ഇനിയും ഈ സേവനം തുടരാനാണ് തീരുമാനം. ഭാര്യ: ഡിന്റ. ഡിയ, ഡിൽജോ, ഡിയോൺ എന്നിവർ മക്കളാണ്.