ജനപ്രതിനിധികള്‍ മുനമ്പം ജനതയ്ക്കൊപ്പം നില്‍ക്കണം: എസ്എംവൈഎം പാലാ രൂപത
1538678
Tuesday, April 1, 2025 9:43 PM IST
പാലാ: ജനിച്ച മണ്ണില്‍ ജീവിക്കാനായി പോരാട്ടം നടത്തുന്ന മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കെസിബിസി, സിബിസിഐ നിലപാടുകളോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് എസ്എംവൈഎം പാലാ രൂപതാസമിതി.
ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ട് ചെയ്യണം. മുനമ്പത്ത് ജനങ്ങള്‍ നിയമാനുസൃതമായി കൈവശംവച്ച് അനുഭവിച്ചുവന്ന ഭൂമിയിന്മേലുള്ള റവന്യു അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവിധം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംകാര്‍ക്ക് ഭൂമി വിറ്റ ഫാറൂഖ് കോളജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കേ എതിര്‍വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യുവാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണമെന്നും എസ്എംവൈഎം യോഗം ആവശ്യപ്പെട്ടു.
എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന് താന്നിമല, വൈസ് പ്രസിഡന്റ് ബില്‍ന സിബി, ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.