റബര്‍ത്തോട്ടം വെട്ടിത്തെളിക്കാൻ സബ്സിഡി അനുവദിക്കണമെന്ന് കർഷക സംഘടനകൾ
1538719
Tuesday, April 1, 2025 11:05 PM IST
കോട്ടയം: തുടര്‍ച്ചയായി വേനല്‍മഴ പെയ്യുന്ന സാഹചര്യത്തിലും വില മെച്ചപ്പെട്ടതിനാലും ചെറുകിട കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് പുനരാരംഭിച്ചു. തോട്ടങ്ങളിലെ കാടുവെട്ടി ടാപ്പിംഗ് സൗകര്യമൊരുക്കാന്‍ ഭീമമായ ചെലവാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. ബ്ലേഡ് കട്ടര്‍ ഉപയോഗിച്ചാല്‍ മാത്രമേ തോട്ടങ്ങളിലെ കുറ്റിക്കാട് വെട്ടിത്തെളിക്കാനാകൂ. ഒരേക്കര്‍ കാടുവെട്ടാന്‍ പതിനായിരത്തോളം രൂപ ചെലവുണ്ട്. ഫെബ്രുവരിയില്‍ ടാപ്പിംഗ് നിറുത്തിയ സാഹചര്യത്തില്‍ കര്‍ഷകര്‍ സാമ്പത്തികമായി ഭദ്രമല്ല.
കാലങ്ങളായി ടാപ്പിംഗ് നടത്താത്ത തോട്ടങ്ങളില്‍ ടാപ്പിംഗ് പുനരാരംഭിച്ച് ഉത്പാദനം പരമാവധി വര്‍ധിപ്പിക്കണമെന്നാണ് റബര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ജില്ലയില്‍ 30 ശതമാനം റബര്‍ത്തോട്ടങ്ങള്‍ ടാപ്പിംഗ് നടത്താതെ കിടക്കുന്നു. സ്ലോട്ടര്‍ ടാപ്പിംഗ് കാലം കഴിഞ്ഞ് മരം വെട്ടിമാറ്റാത്ത തോട്ടങ്ങളും ഏറെയാണ്. ടാപ്പിംഗ് സഹായപദ്ധതിയില്‍ കാട് വെട്ടിത്തെളിക്കാന്‍ ഏക്കറിന് റബര്‍ ബോര്‍ഡ് അയ്യായിരം രൂപ സബ്സിഡി നല്‍കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
വനമേഖലയില്‍ മാത്രമല്ല ഗ്രാമീണ മേഖലയിലും വന്യമൃഗശല്യം വര്‍ധിച്ചുവരികയാണ്. തോട്ടങ്ങളില്‍ കാട്ടുപന്നി, കേഴ, നരി, കുറുക്കന്, വിഷപ്പാമ്പ് എന്നിവയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ അടിക്കാട് പൂര്‍ണമായി വെട്ടിമാറ്റാതെ സുരക്ഷിതമായി ടാപ്പിംഗ് നടത്താനാവില്ല.
മഴമറയ്ക്കും സ്പ്രേയിംഗിനും ഏക്കറിന് നാലായിരം രൂപവീതം കഴിഞ്ഞ വര്‍ഷം സബ്സിഡി പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ വൈകി കഴിഞ്ഞയാഴ്ച ഇതിന്റെ വിതരണം ആരംഭിച്ചെങ്കിലും വിതരണം മന്ദഗതിയിലാണ്. ആദ്യം അപേക്ഷ നല്‍കിയവരെ ഒഴിവാക്കി അവസാനഘട്ടത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് പണം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ടാപ്പിംഗ് പുനരാരംഭിക്കാനും മഴക്കാലത്തും ഉത്പാദനം നടത്താനും കര്‍ഷകര്‍ക്ക് ഉത്തേജനമായി ഈ സ്കീം പുനരാരംഭിക്കേണ്ടതുണ്ട്. റബര്‍ ബോര്‍ഡില്‍ ചെയര്‍മാന്റെയും മറ്റ് ചുമതലപ്പെട്ടവരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഇക്കാര്യങ്ങള്‍ ശിപാര്‍ശ നല്‍കാനോ നടപടിയെടുക്കാനോ അധികാരികളില്ല.