ബസുകള്‍ കാമറ നിരീക്ഷണത്തിലായി
1538721
Tuesday, April 1, 2025 11:05 PM IST
കോട്ടയം: ബസുകളില്‍ കാമറ കർശനമാക്കിയതോടെ ബസുടമകള്‍ക്ക് ഭാരിച്ച ബാധ്യതയായി. പുതിയ സ്വിഫ്റ്റ് ബസുകള്‍ ഒഴികെ പഴഞ്ചന്‍ ഓര്‍ഡിനറികള്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിസി ബസുകളില്‍ എന്നു കാമറ വയ്ക്കുമെന്നതില്‍ അവ്യക്തത തുടരുന്നു. എല്ലാ ബസുകളുടെയും മുന്നിലും പിന്നിലും ബസിന്റെ ഉള്‍വശത്തും കാമറ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.
ഡ്രൈവറുടെ കാബിനിലും രണ്ട് വാതില്‍പ്പടിയിലും ഉള്‍പ്പെടെ ആറു കാമറ വേണമെന്ന നിര്‍ദേശം മൂന്നായി കുറച്ചിട്ടുണ്ട്. മൂന്ന് കാമറകള്‍ക്ക് ഇരുപതിനായിരം രൂപയാണ് ചെലവ്. ഏഴു ദിവസംവരെ കാമറയ്ക്ക് റിക്കാര്‍ഡിംഗ് ശേഷിയുണ്ട്. മാസംതോറും കാമറ സിം ചാര്‍ജ് ചെയ്യേണ്ടിവരുന്നതും ഉടമയ്ക്ക് അധികച്ചെലവാണ്. ഏപ്രില്‍ മുതല്‍ ബസുകള്‍ക്ക് ഫിറ്റ്നസ് ലഭിക്കാന്‍ കാമറ നിര്‍ബന്ധമാണ്.
ഡ്രൈവര്‍ ഉറങ്ങുന്നുണ്ടോയെന്നും ക്ഷീണിതനാണോയെന്നും മുന്നറിയിപ്പു നല്കുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദേശം തത്കാലം ഒഴിവാക്കിയിട്ടുണ്ട്. സ്കൂള്‍ ബസുകളില്‍ നാലു കാമറകള്‍ നിര്‍ബന്ധമാണ്. ബസുകളുടെ അകത്തും പുറത്തുമായി നാല് കാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. സ്കൂള്‍ ബസുകളില്‍ മേയ് മുതല്‍ ഫിറ്റ്നസ് പരിശോധനാവേളയില്‍ കാമറകള്‍ നിര്‍ബന്ധമായും ഉണ്ടാകണം.