പാലായുടെ സ്വപ്നപദ്ധതി ഇഴയുന്നു; മീനച്ചിലാറിന്റെ തീരത്തു വെറുതേ കുഴിച്ചിട്ടത് കോടികൾ; റോഡാകാൻ കാത്തിരിക്കണം
1538677
Tuesday, April 1, 2025 9:43 PM IST
പാലാ: പാലായുടെ സ്വപ്നപദ്ധതിയായ റിവര്‍വ്യൂ റോഡ് കൊട്ടാമരമറ്റം വരെ നീട്ടുന്ന പദ്ധതി രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. മീനച്ചിലാറിന്റെ തീരത്തു തൂണുകളില്‍ പാലം തീര്‍ത്തിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡായി മാറുവാന്‍ ഇനിയും കാത്തിരിക്കണം.
പാലാ ടൗണില്‍ മീനച്ചിലാറിന്റെ തീരം വഴി ഒരു കിലോമീറ്ററിലധികം നീളത്തില്‍ പൂര്‍ണമായും പാലമായാണ് റോഡ് തീര്‍ക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതില്‍ റവന്യുവകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമുണ്ടായ വീഴ്ചയാണ് നിര്‍മാണം മുടങ്ങുന്നതിനു കാരണമായത്. 2019ല്‍ പണി തുടങ്ങിയിട്ടും ഇതുവരെ റോഡായി മാറാന്‍ കാത്തിരിപ്പ് തുടരേണ്ട സ്ഥിതിയാണുള്ളത്. നദീതീരത്തുകൂടി തൂണുകള്‍ തീര്‍ത്ത് 90 ശതമാനം പണികള്‍ പൂര്‍ത്തിയായിരിക്കുമ്പോഴാണ് മുടങ്ങിയത്.
പാലാ വലിയ പാലത്തിനു സമീപം നിലവിലുള്ള റിവര്‍വ്യൂ റോഡിനോട് ചേരുന്ന ഭാഗത്ത് രണ്ടര സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ഇഴയുകയാണ്. ഇവിടെ പാലത്തിന്റെ കോണ്‍ക്രീറ്റിനായി സ്ഥാപിച്ച ഇരുമ്പുകമ്പികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥലമേറ്റെടുക്കുമ്പോള്‍ രണ്ടര സെന്റ് സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കിയിരുന്നു. ഈ സ്ഥലം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്നു തിരിച്ചറിയാതെ പുറമ്പോക്ക് ഭൂമിയാണെന്നു കണക്കാക്കിയാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്.
എന്നാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കെട്ടിടത്തിനുള്ളിലൂടെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയപ്പോഴാണ് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതും നിയമതടസങ്ങളുണ്ടായതും. അതോടെ നിര്‍മാണം നിലയ്ക്കുകയായിരുന്നു. അവശേഷിക്കുന്ന രണ്ടര സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് തുടങ്ങിയത്.
കോടിക്കണക്കിനു രൂപ മീനച്ചിലാറിന്റെ തീരത്തു വെറുതെ ചെലവഴിച്ച സ്ഥിതിയാണിപ്പോള്‍. പാലാ-ഏറ്റുമാനൂര്‍ റോഡിനു സമാന്തരമായാണ് റിവര്‍വ്യൂ റോഡ്. സ്റ്റേഡിയം ജംഗ്ഷന് മുതല്‍ ജനറൽ ആശുപത്രി ജംഗ്ഷന് വരെയാണ് നിലവില്‍ റിവര്‍വ്യൂ റോഡുള്ളത്.