ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
1538722
Tuesday, April 1, 2025 11:05 PM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസി(44)ന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതി വിധി പറയും.
ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം നേരത്തേ പൂർത്തിയാക്കിയിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം പോലീസ് കേസ് ഡയറി ഹാജരാക്കി. തുടർന്നാണ് കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയത്. നേരത്തെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
നോബിയുടെ ഭാര്യ ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് നോബിയുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജാമ്യം നൽകിയാൽ പ്രതി തെളിവു നശിപ്പിക്കുമെന്നും രാജ്യം വിടുമെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.