കോട്ടയം ബൈബിള്‍ കണ്വന്ഷന് ഏപ്രില്‍ രണ്ടു മുതല്‍
1537471
Friday, March 28, 2025 11:38 PM IST
കോട്ടയം: കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ 40-ാമത് കോട്ടയം ബൈബിള്‍ കണ്വന്ഷന് നടക്കും.
ഇത്തവണ കണ്വന്ഷന് റൂബി ജൂബിലി വര്‍ഷത്തിലാണ്. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി ഒമ്പതുവരെ നടക്കുന്ന കണ്വന്ഷന് തൃശൂര്‍ തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തിലെ ഫാ. ഡോവീസ് പട്ടത്ത് ആന്‍ഡ് ടീം നേതൃത്വം നല്‍കും. ഏപ്രില്‍ രണ്ടിനു വൈകുന്നേരം തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയും കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും.
ജറുസലേം ധ്യാന കേന്ദ്രത്തിലെ ഫാ. ദേവസ്യ കാനാട്ട് സിഎംഐ, മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫാ. ജോ പഞ്ചേരിയില് സിഎംഐ, ഫാ. സിജോ തയ്യാലങ്കല് സിഎംഐ, ഫാ. തോമസ് ഞൊണ്ടിക്കല്‍ സിഎംഐ, ബ്രദര്‍ പോള്‍ രാജേന്ദ്രന് എന്നിവരാണു വിവിധ ദിവസങ്ങളില്‍ വചന പ്രഘോഷണത്തിനു നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞു മൂന്നിനു കരുണകൊന്തയോടെ കണ്വന്ഷന് ആരംഭിക്കും.
തുടര്‍ന്നു വിവിധ കരിസ്മാറ്റിക് സബ് സോണുകളുടെ നേതൃത്വത്തില്‍ ജപമാല. നാലിന് വിശുദ്ധ കുര്‍ബാന, അനുഗ്രഹപ്രഭാഷണം. അഞ്ചിന് വചനപ്രഘോഷണം. രാത്രി 8.30ന് ദിവ്യകാരുണ്യ ആരാധനയോടെ കണ്വന്ഷന് സമാപിക്കും.
കണ്വന്ഷന് ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെ 1500 ല്‍പ്പരം വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ഥിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ ആരംഭ ദിനമായ ഏപ്രില്‍ രണ്ടിനു രാവിലെ ഒമ്പതു മുതല്‍ 10വരെ 2025 അധ്യയന വര്‍ഷം സ്കൂള്‍ കോളജ് തലങ്ങളില്‍ പഠനത്തിനായി പ്രവേശിക്കുന്ന കുട്ടികള്‍ക്കായുള്ള ഒരുക്ക പ്രാര്‍ഥന നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ യുവജന സംഗമവും നടക്കും.
കണ്വന്ഷന് ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കും. രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂര സ്ഥലങ്ങളില്‍നിന്നു വരുന്നവര്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9495106954, 9847057126 എന്ന നമ്പരില്‍ ബന്ധപ്പെടാം.
കണ്‍വന്‍ഷന്റെ വിജയത്തിനായി കെസിഎം പ്രസിഡന്റും ലൂര്‍ദ് ഫൊറോന വികാരിയുമായ റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, വൈസ് പ്രസിഡന്റുമാരായ മോണ്‍. ജോസ് നവസ്, ഫാ. വര്‍ഗീസ് പള്ളിക്കല്‍, സെക്രട്ടറി ഫാ. തോമസ് ആദോപ്പള്ളില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, ഫാ. ജേക്കബ് തടത്തില്‍, കെ.സി. ജോയി കൊച്ചുപറമ്പില്‍, ടി.ഡി. ജോസഫ് കൊറ്റത്തില്‍, ജെയിന് അലക്സ് ചുവപ്പുങ്കല്‍, കുഞ്ഞുമോള്‍ ചെരിവുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
പത്രസമ്മേളനത്തില്‍ റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, ഫാ. സേവ്യര്‍ മാമ്മൂട്ടില്‍, ഫാ. ജേക്കബ് തടത്തില്‍, ഫാ. ആല്ബിന് പാറത്താനത്ത്, കെ.സി. ജോയി, ജെയിന് സി. അലക്സ് എന്നിവര്‍ പങ്കെടുത്തു.