ശബരി റെയില്‍ പദ്ധതി വീണ്ടും ഇഴയുന്നു
1537761
Sunday, March 30, 2025 2:00 AM IST
കോട്ടയം: കേന്ദ്ര, സംസ്ഥാന ബജറ്റുകളിലെ അനുകൂല പരാമര്‍ശങ്ങളല്ലാതെ അങ്കമാലി -എരുമേലി ശബരി റെയില്‍ പദ്ധതിയില്‍ യാതൊരു ചലനവുമില്ല. ശബരി പാതയുടെ എസ്റ്റിമേറ്റ് 2023ല്‍ പരിഷ്കരിക്കുകയും ചെലവ് 3800.93 കോടിയായി വര്‍ധിക്കുകയും ചെയ്തതായി കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.
പകുതി തുക സംസ്ഥാനം വഹിക്കാനായിരുന്നു ധാരണ. മാസങ്ങള്‍ പിന്നിടുമ്പോഴും തുടര്‍ നടപടികളൊന്നുമില്ല. പാത നിര്‍മാണത്തിന് സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വീടുകളുടെ അറ്റകുറ്റപ്പണികളും മുടങ്ങി. സ്ഥലം ഏറ്റെടുക്കാനുള്ള പ്രദേശങ്ങളിലും ജനങ്ങള്‍ ആശങ്കയിലാണ്.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിച്ച് അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്റര്‍ നീളമാണ് നിര്‍ദിഷ്ട പാതയ്ക്കുള്ളത്. എരുമേലി, പമ്പ തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും മലയോര കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വു നല്‍കുമെന്നും പ്രതീക്ഷിച്ചാണ് പാത വിഭാവനം ചെയ്തത്.1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത.
അലൈന്മെന്റ് അംഗീകരിക്കുകയും അങ്കമാലി മുതല്‍ രാമപുരം പിഴക് വരെ 70 കിലോ മീറ്റര്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടുപോവുകയും ചെയ്തു. അങ്കമാലി-എരുമേലി, എരുമേലി- ചെങ്ങന്നൂര്‍ എന്നിങ്ങനെ പദ്ധതി രണ്ടു ഘട്ടമായി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.
ഒന്നാം ഘട്ടത്തില്‍ അങ്കമാലി -എരുമേലി പാത സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ചെലവിന്റെ 50 ശതമാനം കിഫ്ബി വഹിക്കുമെന്നായിരുന്നു ഉറപ്പ്. അങ്കമാലിക്കും കാലടിക്കും ഇടയില്‍ ഏഴ് കിലോമീറ്റര്‍ പാതയുടെ നിര്‍മാണവും പെരിയാറിനു കുറുകെ പാലവും മുമ്പുതന്നെ പൂര്‍ത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേല്‍പ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിര്‍മാണം വിഭാവനം ചെയ്തിരുന്നു.